ഗാന്ധിനഗർ: പ്രത്യേക നിരീഷണത്തിൽ കഴിഞ്ഞവരിൽ കൊറോണ രോഗമില്ലെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയതിനെ തുടർന്ന് അവർ വീടുകളിലേക്കു മടങ്ങിതിനു ശേഷം ഇന്നു മുതൽ ഒ.പി കൗണ്ടറിൽ രോഗികളുടേയും രോഗി സന്ദർശകരുടേയും തിരക്ക് ആനുഭവപ്പെട്ടു തുടങ്ങി.
കൊറോണ വൈറസ് രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വന്നതു മുതൽ ഒ.പി യിലെത്തുന്ന രോഗികളുടേയും രോഗി സന്ദർശകരുടേയും എണ്ണത്തിൽ വളരെ കുറവ് വന്നിരുന്നു.
തിങ്കളാഴ്ചയാണു വൈക്കത്തുനിന്നും കൊറോണ രോഗലക്ഷണമുള്ള 34 വയസുള്ള യുവതിയേയും എഴു വയസുകാരി മകളേയും പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഹോംങ്കോഗിൽ നിന്നും നാട്ടിലെത്തിയപ്പോൾ ഇവർക്കു പനിയും ജലദോഷവും ഉണ്ടായി.
വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ശ്വാസതടസവും നേരിട്ടപ്പോഴാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടുവാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുള്ള ക്രമീകരണം സജ്ജീകരിച്ചു.
കൊറോണ വൈറസ് രോഗലക്ഷണമുള്ളവരുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് അധികൃതർ അടിയന്തര യോഗം കൂടി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും രോഗികളെ ചികിത്സിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പേ വാർഡിന്റെ ഗ്രൗണ്ട് ഫ്ളോറിൽ ക്രമീകരണം നടത്തുകയും ചെയ്തു.
ആവശ്യമായ ഡോക്ടർമാരേയും നേഴ്സുമാരടക്കമുള്ള ജീവനക്കാരേയും ക്രമീകരിച്ചു. പിന്നീട് ചൈനയിലെ വുഹാനിയയിൽ നിന്നുമെത്തിയ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയേയും മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
കൊറോണ രോഗ ബാധിതയായി തൃശുർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയോടൊപ്പം വന്നതിനാലാണ് കാഞ്ഞിരപ്പള്ളി സ്വദേശിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
രക്ത സാംപിൾ പരിശോധനയ്ക്കു ശേഷം മൂന്നു പേർക്കും രോഗമില്ലെന്ന് കണ്ടെത്തിയതോടെയാണ് മെഡിക്കൽ കോളജ് ആരോഗ്യ വകുപ്പ് അധികൃതർക്കും മറ്റു വാർഡുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആസ്വാസമായത്.