ഗാന്ധിനഗർ: കോവിഡ് 19 സംശയിക്കുന്ന രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് നിരീക്ഷണ വിഭാഗത്തിലേക്ക് കൊണ്ടു പോകുന്പോൾ കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പരാതി.
ഇന്നലെ ഉച്ചയ്ക്ക് മൂന്നാറിൽ നിന്നെത്തിയ ഒരു രോഗിയും ഇന്നു പുലർച്ചെ രണ്ടിനും നാലിനും വന്ന രോഗികളെയും നിരീക്ഷണ വിഭാഗത്തിലേക്ക് സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയാണ് എത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നാറിൽ നിന്ന് മൂത്രസംബന്ധമായ അസുഖത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിയ 50കാരനെ പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ കോവിഡ് 19 സംശയം തോന്നിയതിനാൽ യൂറോളജി വാർഡിലേക്ക് അഡ്മിറ്റ് ചെയ്തു.
കോവിഡ് 19 സംശയമെന്ന് ഡോക്ടർ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയതിനാൽ രോഗിയെ കൊറോണ നിരീക്ഷണ വാർഡിലേക്കാണ് അയക്കേണ്ടത്. എന്നാൽ ഈ രോഗിയെ ആശുപത്രി ആംബുലൻസിൽ കയറ്റി ആശുപത്രി പ്രധാന കവാടത്തിൽ കൊണ്ടുചെന്ന് വിട്ടു.
പിന്നീട് രോഗിയും ഒപ്പമുള്ള രണ്ടു പേരും യൂറോളജി വാർഡിലേക്ക് നടന്നു പോയി. വിവരമറിഞ്ഞ് സുരക്ഷാ മേധാവി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇവർ വാർഡിനുള്ളിലേക്ക് പ്രവേശിക്കാൻ തുടങ്ങി.
ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി കൊറോണ നിരീക്ഷണ വാർഡിൽ എത്തിക്കുകയായിരുന്നു. പുലർച്ചെ നാലിന് പോലീസ് എത്തിച്ച തമിഴ്നാട് സ്വദേശിയെയും രണ്ടിന് എത്തിയ കുറുപ്പയ്യ എന്നയാളേയും അത്യാഹിത വിഭാഗത്തിൽ നിന്നു നിരീക്ഷണ വിഭാഗത്തിൽ എത്തിച്ചതും അലക്ഷ്യമായിട്ടാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.