ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്പതാം വാർഡിൽ കയറി ബഹളമുണ്ടാക്കി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിഭ്രാന്തി സൃഷ്ടിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ സ്വദേശിയായ 38കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ബഹളമുണ്ടാക്കിയ യുവതിയെ വാർഡിൽ നിന്ന് കൊറോണ വാർഡിലേക്ക് മാറ്റുന്നതിനായി എത്തിയ ഒരു നഴ്സിംഗ് അസിസ്റ്റന്റ്, നാലു സെക്യൂരിറ്റി ജീവനക്കാർ, രണ്ട് ആശുപത്രി പിആർഒമാരടക്കം ഏഴ് ജീവനക്കാർ ഹോം ക്വാറന്റൈനിലായി.
തൊടുപുഴ സ്വദേശിനിയായ 68 കാരിക്ക് കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 38 കാരിയായ മകളാണ് കൂട്ടിരിപ്പിനായി എത്തിയത്. വ്യാഴാഴ്ച രാത്രി ഏഴിന് 68 കാരിയുടെ ആരോഗ്യനില മോശമായി.
ഉടൻ ഇവരെ സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും ജീവനക്കാരെത്തി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. 38 കാരിയായ മകളോട് ഐസിയുവിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു.
രോഗലക്ഷണം കാണിക്കുകയും സ്രവം പരിശോധനയ്ക്കു നല്കുകയും ചെയ്തശേഷമാണ് അമ്മയോടൊപ്പം ഐസിയുവിൽ പ്രവേശിക്കുവാൻ നിർദ്ദേശിച്ചത്. എന്നാൽ തനിക്ക് രോഗമില്ലാത്തതിനാൽ പ്രവേശിക്കില്ലെന്ന് ഇവർ ശാഠ്യം പിടിച്ചു. ഡോക്ടർമാരും ജീവനക്കാരും പല തവണ ആവർത്തിച്ചിട്ടും ഇവർ അംഗീകരിച്ചില്ല.
തുടർന്ന് പിപിഇ കിറ്റ് ധരിച്ച് ഒരു നഴ്സിംഗ് അസിസ്റ്റൻറ് ഇവരെ സാന്ത്വനിപ്പിച്ച് പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ ഓടിരക്ഷപ്പെട്ടു. ഓടിപ്പോയ ഇവരുടെ പിന്നാലെ കിറ്റ് ധരിച്ച ജീവനക്കാരും എത്തി.
സ്ത്രീകളുടെ വാർഡിൽ എത്തിയപ്പോൾ ഗ്രിൽ പൂട്ടിയതുകൊണ്ട് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് വാർഡിനുള്ളിലേക്ക് പ്രവേശിച്ചു. വിവരം എന്തന്നറിയാതെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. ജീവനക്കാർ വാർഡിലെത്തിയപ്പോൾ യുവതി ഗ്രില്ലിൽ കയറി പിടിച്ചു നിന്നു.
ഗ്രില്ലിൽ നിന്നും കൈവിടീക്കാൻ ശ്രമിക്കുന്നതിനിടെ നഴ്സിംഗ് അസിസ്റ്റന്റിന്റെ ഗ്ലൗസ് യുവതി വലിച്ചൂരി. മാസ്ക് താഴെ വീഴുകയും ചെയ്തു. തുടർന്ന് നഴ്സിംഗ്സി അസിസ്റ്റൻറ് വിവരം അറിയിച്ചതനുസരിച്ച് നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് ആശുപത്രി പിആർഒമാരും എത്തി രാത്രി 8.30ന് പ്രയാസപ്പെട്ട് യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ഇന്നലെ യുവതിയുടെ സ്രവ പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ അടിയന്തിര യോഗം കൂടി നാലു സുരക്ഷാ ജീവനക്കാരോടും രണ്ട് പിആർഒമാരോടും ഹോം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.
എറണാകുളം കിഴക്കന്പലം സ്വദേശിനിയായ നഴ്സിംഗ് അസിസ്റ്റന്റ് പിപിഇ കിറ്റ് ധരിച്ചെന്ന കാരണത്താൽ ക്വാറന്റൈൻ അനുവദിച്ചില്ല. ഇതിനിടയിൽ യുവതിയെ പിടികൂടുന്നതിനിടയിൽ മാസ്ക് താഴെപ്പോകുകയും ഗ്ലൗസ്, ഉൗരിപ്പോകുകയും ചെയ്ത വിവരം നഴ്സിംഗ് അധികൃതർ അറിയുകയും രാത്രി തന്നെ ഈ ജീവനക്കാരനോടും ഹോം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.