കോട്ടയം: മെഡിക്കല്‍ കോളജില്‍ എംഡിആര്യു (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയിലേക്കുള്ള നിയമനത്തിനുള്ള പ്രായോഗിക പരീക്ഷ മാറ്റിവയ്പ്പിക്കാന്‍ നീക്കം.
സെക്ഷന്‍ ക്ലാര്‍ക്കിനെ സ്വാധീനിച്ച് ഭാര്യയ്ക്കു നിയമനം തട്ടിയെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബ്ലഡ് ബാങ്കിലെ ഭരണകക്ഷി യൂണിയന് നേതാവാണു നീക്കത്തിനു പിന്നിലെന്ന് ആരോപണം.
പ്രാഥമിക ലിസ്റ്റില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും തന്റെ ഭാര്യ ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ പ്രായോഗിക പരീക്ഷ മാറ്റിവയ്ക്കണമെന്ന് വാശി പിടിക്കുകയും ചെയ്തതായി റിപ്പോർട്ട്.
നീതിപൂര്‍വം നടത്തിയ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുത്തവര്ക്കായാണു പ്രായോഗിക പരീക്ഷ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അധികാരികളെ സമ്മര്‍ദ്ദത്തിലാക്കി പ്രായോഗിക പരീക്ഷ മാറ്റിവയ്ക്കുവാനുള്ള ശ്രമത്തിലാണ് ഈ നേതാവ്.
എന്നാല്‍ ഈ നേതാവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇയാള്‍ക്കെതിരേ പ്രതിപക്ഷ സര്‍വീസ് സംഘടന വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടത്തി. ശക്തമായ സമരം നടത്താന്‍ തയാറാകുകയാണെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനാനേതാക്കള്‍ പറയുന്നു.