ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറിയുൾപ്പെടെയുള്ള അനധികൃത കച്ചവടം നിരോധിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ അറിയിച്ചു. ലോട്ടറി വില്പനക്കാരിയായ ഒരു വീട്ടമ്മയെ മറ്റൊരു ലോട്ടറി വില്പനക്കാരൻ തലയ്ക്കടിച്ചു കൊന്നതാണ് അനധികൃതമായി ആശുപത്രി കോന്പൗണ്ടിലെ മുഴുവൻ കച്ചവടങ്ങളും നിരോധിക്കുവാൻ കാരണം.
അനധികൃത കച്ചവടം നടത്തുന്നവരിൽ സ്ത്രീ-പുരുഷ ഭേദമെന്യേ കൂടുതൽ പേരുടേയും സ്ഥിരതാമസം ആശുപത്രി കെട്ടിടങ്ങളിലാണ്. നിർമാണ പ്രവർത്തനം നടക്കുന്ന കെട്ടിടങ്ങളിലും പകൽ സമയങ്ങളിൽ മാത്രം ജീവനക്കാരുള്ള കെട്ടിടങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളിലുമായി രോഗികളോ കൂട്ടിരിപ്പുകാരോ അല്ലാത്ത നിരവധി ആളുകളാണ് സ്ഥിരതാമസക്കാരായിക്കഴിയുന്നത്.
വർഷമായി ആശുപത്രി വളപ്പിൽ മോഷണവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി കഴിയുന്ന നിരവധി പോരുണ്ട്. പകൽ സമയങ്ങളിൽ യാചക വേഷം കെട്ടി ലഭിക്കുന്ന പണം കൊണ്ട് അമിതമായി മദ്യപിച്ച ശേഷം മറ്റുള്ളവരെ ശല്യപ്പെടുത്തുകയാണ് ചിലരുടെ ഹോബി. നേരിയ തോതിൽ മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന പേരിൽ ആശുപത്രി വാർഡുകളിൽ താമസിക്കുന്നവരുണ്ട്.
കേരളത്തിന്റെ പല ജില്ലകളിൽ നിന്നുള്ള സാമൂഹ്യ വിരുദ്ധർ മെഡിക്കൽ കോളജ് ആശുപത്രി പരിസരം കൈയടക്കിയിരിക്കുകയാണ്. മുൻ വർഷങ്ങളേക്കാൾ സുരക്ഷാ ഉദ്യോഗസ്ഥർ കൂടിയിട്ടും ഈ സാമൂഹിക വിരുദ്ധരെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ അധികൃതർ തയാറാകുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പ് കാരും പറയുന്നു.