കോഴഞ്ചേരി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ നാരങ്ങാനം സ്വദേശി സത്യനെ കോഴഞ്ചേരിയിലെത്തിച്ച് തെളിവെടുത്തു.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ ലോട്ടറി വില്പനക്കാരി തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെ പറമ്പില്‍ പൊന്നമ്മയെ (55) കൊലപ്പെടുത്തിയ കേസില്‍ ഗാന്ധി നഗര്‍ പോലീസ് അറസ്റ്റ് ചെയ്ത ലോട്ടറി വില്പനക്കാരന് നാരങ്ങാനം തോട്ടുപാട്ട് സത്യനെയാണ് (45) തെളിവെടുപ്പിനായി ഇന്നലെ രാവിലെ 11ന് കോഴഞ്ചേരിയില്‍ കൊണ്ടുവന്നത്.
കൊല ചെയ്യപ്പെട്ട പൊന്നമ്മയുടെ കഴുത്തില്‍ ഉണ്ടായിരുന്ന 15.9 ഗ്രാം തൂക്കമുള്ള മാല കോഴഞ്ചേരി ടൗണിലെ സ്വര്‍ണക്കടയിലാണ് വിറ്റത്. 15,000 രൂപയും ആറു ഗ്രാം തൂക്കമുള്ള രണ്ട് മോതിരവും തകിടെഴുതുന്ന കൂടും കടയില്‍നിന്നു വാങ്ങി. കൂടാതെ ടൗണില്‍ തന്നെയുള്ള തുണിക്കടയില്‍ നിന്ന് പാന്റ്സും ഷര്‍ട്ടും വാങ്ങിയിരുന്നു.
കഴിഞ്ഞ 13നാണ് സത്യന് കോഴഞ്ചേരിയില്‍ എത്തിയത്. തെളിവെടുപ്പില്‍ വിറ്റ സ്വര്‍ണം കണ്ടെടുത്തു. കഴിഞ്ഞ എട്ടിന് രാത്രി ഒമ്പതിനാണ് കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിന്റെ പിന്നില്‍വച്ച് കമ്പി വടിയ്ക്ക് തലയ്ക്കടിച്ച് പൊന്നമ്മയെ കൊലപ്പെടുത്തിയത്.