ഗാന്ധിനഗർ: കൊല്ലപ്പെട്ട് ഒരു മാസമായിട്ടും ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം മോർച്ചറിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപ്പനക്കാരി ചങ്ങനാശേരി തൃക്കൊടിത്താനം പുത്തൻ പറന്പിൽ പൊന്നമ്മ (55) കൊല്ലപ്പെട്ടിട്ട് നാളെ ഒരുമാസമാകും. ഇവരുടെ മൃതദേഹം മകൾക്ക് വിട്ടുകൊടുക്കുവാൻ കഴിയാതെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മാതാചാര പ്രകാരം അമ്മയുടെ മൃതദേഹം മറവു ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൾ പല തവണ ആശുപത്രി അധികൃതരെ സമീപിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ നിയമപരമായി വിട്ടുനൽകാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസും ആശുപത്രി അധികൃതരും.
തലയോട്ടി പൊട്ടിയ നിലയിലും കൈകാലുകളിലെ മാംസം തെരുവു നായ്ക്കൾ കടിച്ചുകീറി തിന്നുകയും ശേഷിച്ച ശരീര ഭാഗങ്ങൾ അഴുകിയ നിലയിലും ആയതിനാൽ മൃതദേഹം ആരുടേതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞാൽ മാത്രമേ ബന്ധുക്കൾക്ക് വിട്ടുനൽകുവാൻ കഴിയൂ. ഡിഎൻ എ പരിശോധനാ ഫലം തിരുവനന്തപുരം ലബോറട്ടറിയിൽ നിന്നും ലഭിക്കാത്ത കാരണത്താലാണ് വിട്ടുനൽകാത്തത്.
ജൂലൈ 13 ന് ഉച്ചകഴിഞ്ഞ് 1.30 ന് മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വാർഡിന്റെ പിൻഭാഗത്ത് കുഴിയിലാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ഡി.വൈ എസ് പി കെ പി ശ്രീകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന്റെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച അടുത്ത ദിവസം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചു.
ഇതിനിടയിലാണ് അമ്മയെ കാണാനില്ലെന്നു പറഞ്ഞ് പൊന്നമ്മയുടെ മകൾ സന്ധ്യ എത്തിയത്. മൃതദേഹത്തിൽ നിന്നു ലഭിച്ച വസ്ത്രങ്ങളും മുക്കുപണ്ട ആഭരണങ്ങളും കണ്ടാണ് അമ്മയാണെന്ന് മകൾ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടത് തന്റെ അമ്മയാണെന്നും അമ്മയോടൊപ്പം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കഴിഞ്ഞിരുന്ന സത്യൻ എന്ന യുവാവ് കൊന്നതാണെന്നും മകൾ സന്ധ്യ പോലീസിനോട് പറഞ്ഞു. അങ്ങനെയാണ് കൊലയാളിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
പിന്നീട് സത്യനെ തന്ത്രപൂർവം പിടികൂടി. ചോദ്യം ചെയ്തപ്പോൾ പുതുപ്പള്ളി സ്വദേശിയായ യുവാവാണ് കൊലയ്ക്കു പിന്നിലെന്നു സത്യൻ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടുള്ള അന്വേഷണത്തിൽ സത്യൻ കുടുങ്ങി.
സത്യൻ പിന്നീട് സത്യം വെളിപ്പെടുത്തി പോലീസിന് മൊഴി നല്കി. കൊല നടത്തിയ രീതിയും വിവരിച്ചു. ജൂലൈ എട്ടിന് രാത്രി ഒൻപതിന് കാൻസർ വാർഡിന് സമീപമുള്ള സി.റ്റി.സ്കാനിംഗ് സെന്ററിന്റെ തിണ്ണയിൽ വച്ച് കന്പിവടി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റ സമ്മതം നടത്തി.
അടി കൊണ്ട് ഓടി വാർഡിന്റെ പിൻഭാഗത്തുള്ള കുറ്റിക്കാട്ടിൽ വീഴുകയും വീണപ്പോൾ വീണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. അങ്ങനെയാണ് കോഴഞ്ചേരി നാരങ്ങാനം തോട്ട്പാട്ടു വീട്ടിൽ സത്യൻ (45) കൊലക്കേസിൽ അറസ്റ്റിലായത്.