ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പുത്തൻപറന്പിൽ പൊന്നമ്മയുടെ മൃതദേഹം ഇന്നു സംസ്കരിക്കും. കൊല്ലപ്പെട്ട് 50 ദിവസം എത്തിയപ്പോഴാണ് മൃതദേഹം സംസ്കരിക്കുന്നത്.
മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നതിനാൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ആളെ വ്യക്തമായത്. ജൂലൈ എട്ടിനാണ് പൊന്നമ്മയെ കന്പിവടിക്കടിച്ച് കൊലപ്പെടുത്തി ആശുപത്രി വളപ്പിലെ കുഴിയിൽ തള്ളിയത്. പിന്നീട് 13നാണ് മൃതദേഹം കണ്ടെത്തിയത്.നായയും മറ്റും കടിച്ചുവലിച്ച് മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നതിനാലാണ് ഡിഎൻഎ പരിശോധന വേണ്ടി വന്നത്.
കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പൊന്നമ്മയുടെ മൃതദേഹം ഇന്നലെ കോട്ടയം മുട്ടന്പലം പൊതു ശ്മശാനത്തിൽ സൗജന്യമായി സംസ്കരിക്കുവാൻ മുനിസിപ്പൽ ചെയർപേഴ്സസണ്‍ അനുമതി നൽകിയിരുന്നെങ്കിലും ദഹിപ്പിക്കുന്നത് തുടർ അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാൽ മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യുന്നതിനുള്ള അനുമതി കത്താണ് പോലീസ് നൽകിയത്. ഇന്നലെ സംസ്കാരം നടന്നില്ല. ഇന്ന് കോട്ടയത്തുള്ള മറ്റൊരു ശ്മശാനത്തിൽ സംസ്കരിക്കും.