ഗാന്ധിനഗർ: മഴ ശക്തമായാൽ കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകരുതെന്നാണ് മുന്നറിയിപ്പ്. കാരണം മൃതദേഹം മഴയത്ത് നനയും. ആശുപത്രി വാർഡിൽനിന്ന് മോർച്ചറിയിലേക്ക് മഴ നനയാതെ മൃതദേഹം കൊണ്ടുപോകാനുള്ള സംവിധാനമില്ല. മഴ പെയ്താൽ മൃതദേഹം യഥാസമയം മോർച്ചറിയിൽ വയ്ക്കുവാൻ കഴിയാതെ ബന്ധുക്കളും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ആറ് മൃതദേഹങ്ങളാണ് മോർച്ചറിയിൽ വയ്ക്കുവാൻ കഴിയാതെ മണിക്കൂറുകളോളം മൃതദേഹവുമായി കാത്ത് നിൽക്കേണ്ടി വന്നത്മഴ പെയ്താൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മൃതദേഹമെത്തിക്കുന്നത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ്.് ഉന്നതരുടെ ആണെങ്കിലും താണവരുടെ ആണെങ്കിലും മൃതദേഹത്തെ എല്ലാവരും ബഹുമാനത്തോടെയാണ് കാണുന്നത്. പക്ഷേ ഇവിടെ മഴ നനയാതിരിക്കാൻ മൃതദേഹം പ്ലാസ്റ്റിക് കവർ ഇട്ട് മൂടേണ്ട ഗതികേടിലാണ്.
വാർഡുകളിലും അത്യാഹിത വിഭാഗത്തിലും അപകട മരണങ്ങളോ ആത്മഹത്യാ മരണങ്ങളോ ഉണ്ടായാൽ മൃതദേഹം നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണം. ഇതിനായി ഇവിടങ്ങളിൽ നിന്ന് മൃതദേഹവുമായി മരണപ്പെട്ടയാളിന്റെ ബന്ധുക്കൾ ഉണ്ടെങ്കിൽ അവരേയും കൂട്ടിക്കൊണ്ടാണ് ജീവനക്കാർ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ മഴ പെയ്ത് തുടങ്ങിയാൽ നനയാതിരിക്കുവാൻ ചില സമയങ്ങളിൽ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയാണ് കൊണ്ടു പോകുന്നത്.
ചില സമയങ്ങളിൽ മഴയില്ലാതെ മൃതദേഹം സ്ട്രച്ചറിൽ കൊണ്ടു പോകുന്നവഴി പെട്ടെന്ന് മഴ വീഴുന്നത് മൂലം മൃതദേഹം നനയുന്ന സംഭവങ്ങളും നിരവധിയാണ്. വാർഡുകളിൽ നിന്നോ അത്യാഹിത വിഭാഗത്തിൽ നിന്നോ മൃതദേഹം കൊണ്ടുപോകുന്പോൾ പ്രവേശന കവാടം വരെ എത്തിക്കഴിഞ്ഞാൽ പിന്നെ റോഡിലൂടെ വേണം മോർച്ചറിയിൽ എത്തിക്കുവാൻ.
മൃതദേഹം കൊണ്ടു പോകുന്നത് ആശുപത്രി കോന്പൗണ്ടിൽ തന്നെയുള്ള റോഡ് വഴിയാണ്. മൃതദേഹം നനയാതെ മോർച്ചറിയിൽ എത്തിക്കുവാൻ മേൽക്കൂര നിർമിച്ചാൽ ഇതിന് പരിഹാരമാകും.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഒട്ടേറെ വികസന പാതയിലാണെന്ന് പറയപ്പെടുന്പോഴും വളരെ നിസാരമെന്ന് ചിലർക്ക് തോന്നിയേക്കാവുന്ന സംഭവമാണ് ഇത്.