ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ സമയക്രമം ഇല്ലെന്ന് ജീവനക്കാർ. സമയം അതാത് സ്ഥാപന മേധാവികൾ തീരുമാനിക്കട്ടെയെന്ന് ആരോഗ്യ വകുപ്പ്. ഡ്യൂട്ടി സമയം ഉത്തരവിൽ പറയാത്തതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതർ. ഇതോടെ കഴിഞ്ഞ 17ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം.
കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ, അറ്റൻഡർമാർ എന്നിവർക്കായി ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടടർ ഇറക്കിയ ഉത്തരവ് ആശങ്ക പടർത്തുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. പഞ്ചിംഗ് സന്പ്രദായം കൃത്യമായി പാലിക്കപ്പെടുന്നതിനാണ് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ബാധകമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പകൽ സമയം ആറ് മണിക്കൂർ ഡ്യൂട്ടിയും, രാത്രി സമയങ്ങളിൽ 12 മണിക്കൂർ ഡ്യൂട്ടിയെന്നും മാത്രമാണ് ഉത്തരവിൽ പറയുന്നത്. ഒാരോ വിഭാഗത്തിലേയും ജീവനക്കാർ ഏതൊക്കെ സമയത്ത് പഞ്ച് ചെയ്യണമെന്ന് കൃത്യമായി ഉത്തരവിൽപറയുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇതാണ് ആശങ്കയ്ക്ക് കാരണമായി ജീവനക്കാർ ഉന്നയിക്കുന്നത്. 2020 ജനുവരി മുതലാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്.
ഓരോ വിഭാഗം ജീവനക്കാരുടേയും ഡ്യൂട്ടി സംബന്ധിച്ചുള്ള സമയം കൂടി കാണിച്ചു കൊണ്ടുള്ള ഉത്തരവ്ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉണ്ടാകുമെന്നാണ് ഡോക്ടർമാരും ജീവനക്കാരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഡ്യൂട്ടി സംബന്ധിച്ച് അതാത് മെഡിക്കൽ കോളജിലെ അധികൃതർ തീരുമാനിക്കപ്പെടുമെന്നാണ് ആരോഗ്യ വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കിയത്.