കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധന ഫീസ് സ്വകാര്യ സ്ഥാപനങ്ങൾക്കടുത്തെത്തി. വർധിച്ച ഫീസും തിരക്കും പരിശോധനാ ഫലത്തിലെ കാലതാമസവും പരിഗണിച്ച് പല രോഗികളും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. ആശുപത്രിയെ തകർക്കുന്ന രീതിയിലുള്ള ഫീസ് വർധനക്കെതിരേ ഇതുവരെയും ഒരു സംഘടനയും രംഗത്തു വന്നിട്ടില്ല.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ തല സ്കാനിംഗിന് 800 രൂപയും വയറ്, നെഞ്ച്, എന്നിവ സ്കാനിംഗിന് 1200 രൂപയുമായിരുന്നു ഫീസ്. ഇത് ഏതു സ്കാനിംഗിനും 3000 രൂപയാക്കിയാണ് വർധിപ്പിച്ചത്. രക്തം, കഫം , മലം , മൂത്രം ,എക്സ്റേ, ഇസിജി തുടങ്ങിയ പരിശോധനകൾക്കും ഫീസ് വർധിപ്പിച്ചു. ആശുപത്രി വികസന സമിതിയാണ് ഫീസ് വർധന തീരുമാനമെടുത്തത്.
ഇപ്രാവശ്യത്തെ ഫീസ് വർധന അൽപം കടന്നതായിപ്പോയി എന്ന അഭിപ്രായം ഉയരുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ അടുത്തെത്തും വിധമാണ് ഫീസ് ഘടന. എന്നാൽ പിന്നെ സർക്കാർ ആശുപത്രിയിൽ തന്നെ എന്തിനു പരിശോധിക്കുന്നു എന്ന ചിന്തയിൽ പലരും സ്വകാര്യ മേഖലയിലേക്ക് പോകുന്നുവെന്നാണ് മെഡിക്കൽ കോളജിൽ നിന്നുള്ള റിപ്പോർട്ട്. അതേസമയം ബിപിഎൽ ലിസ്റ്റിലുളള രോഗികൾക്ക് തങ്ങൾ സൗജന്യമായാണ് പരിശോധന നടത്തുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.