ഗാന്ധിനഗർ: ഹർത്താൽ ദിവസം ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നല്കി. മതിയായ കാരണമല്ലെങ്കിൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ നോട്ടീസിന്റെ പേരിൽ ജീവനക്കാരുടെ സംഘടനകൾക്കിടയിൽ മുറുമുറുപ്പ് ആരംഭിച്ചു. സംഘടനകൾ നോട്ടീസ് തള്ളുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഇതാദ്യമായാണ് ഇത്തരമൊരു നടപടിയെന്നു പറയുന്നു. സെപ്റ്റംബർ 10 ന് നടന്ന സംസ്ഥാന ഹർത്താല്‍ ദിവസം ജോലിക്ക് ഹാജരാകാതിരുന്ന മുഴുവൻ ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നല്കി. നഴ്സസ്, ആശുപത്രി അറ്റൻഡേഴ്സ് , ഗ്രേഡ് വണ്‍, ഗ്രേഡ് രണ്ട്, എന്നിങ്ങനെ മുഴുവൻ വിഭാഗത്തിലേയും 70 ഓളം പേർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
മതിയായ യാത്ര സൗകര്യവും താമസ സൗകര്യവും ക്രമീകരിച്ചിട്ടും മേലധികാരിയുടെ നിർദ്ദേശം അവഗണിച്ച് ജോലിക്ക് ഹാജാരായില്ല. തന്മൂലം ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് തടസം നേരിടുകയും രോഗികൾക്ക് നിരവധി ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്തതായി നോട്ടീസിൽ പറയുന്നു.