ഗാന്ധിനഗർ: ആരോഗ്യ ഇൻഷ്വറൻസ് കാർഡുള്ള രോഗികൾക്ക് ആദ്യഘട്ടം സൗജന്യ ചികിത്സ നിഷേധിക്കുന്നതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളാണ് പരാതിക്കാർ. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗി അഡ്മിറ്റായി വാർഡിൽ എത്തിയാലേ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കു. എന്നാൽ അതിനു മുൻപു നടത്തുന്ന നിരവധി പരിശോധനകൾ സൗജന്യമാക്കാൻ ഡോക്ടർമാർ തയാറാകുന്നില്ല എന്നാണ് പരാതി.
അത്യാഹിത വിഭാഗത്തിൽ മണിക്കൂറുകൾ കിടത്തിയ ശേഷമാണ് വാർഡിലേക്ക് രോഗിയെ കൊണ്ടുപോകുന്നത്. വാർഡിൽ ചെന്ന ശേഷമുള്ള പരിശോധനകൾ മാത്രമേ ഇപ്പോൾ സൗജന്യമായി ലഭിക്കുന്നുള്ളു. രോഗിയെ അഡ്മിറ്റു ചെയ്തു കഴിഞ്ഞാൽ സൗജന്യ ചികിത്സയ്ക്കുള്ള പേപ്പറുകൾ ബന്ധപ്പെട്ട ഡോക്ടർ നല്കിയാൽ പ്രശ്നം തീരും. പക്ഷേ ഇപ്പോൾ വാർഡിൽ ചെന്നു കഴിഞ്ഞാലേ രോഗികൾക്ക് ലഭിക്കു എന്നതാണ് അവസ്ഥ.
ഒ.പി. വിഭാഗത്തിലെത്തുന്ന രോഗിയെ സീനിയർ ഡോക്ടർ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ തുടർനടപടി പൂർത്തീകരിക്കുന്നത് ജൂനിയർ ഡോക്ടർമാരാണ്. രോഗിക്കായി ലഭിക്കുന്ന രോഗവിവരം രേഖപ്പെടുത്തുന്ന ബുക്ക് (കേസ് ഷീറ്റ്) ലഭിച്ചു കഴിഞ്ഞാൽ അതാത് വിഭാഗങ്ങളുടെ ജൂനിയർ ഡോക്ടർമാർ ഇരിക്കുന്ന അത്യാഹിത വിഭാഗത്തിലെത്തും. അവിടെയെത്തിക്കഴിഞ്ഞാൽ എല്ലാ വിധ പരിശോധനകൾക്കും വിധേയമായ ശേഷം അതിന്റെ പരിശോധനാ ഫലം കണ്ട ശേഷമേ രോഗിയെ വാർഡിലേയ്ക്ക് വിടുവാൻ അനുവദിക്കു.
എന്നാൽ ആയിരക്കണക്കിന് രൂപ ചെലവാകുന്ന ഈ പരിശോധനകൾ ആരോഗ്യ സുരക്ഷാ ചികിത്സാ പദ്ധതി പ്രകാരം പൂർണമായും സൗജന്യമായി ലഭിക്കേണ്ടവരാണ് ഭൂരിപക്ഷം രോഗികളും. ഈ സൗജന്യ ചികിത്സ ലഭിക്കണമെങ്കിൽ രോഗി വാർഡിലെത്തിയ ശേഷമേ നൽകുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ രോഗിയെ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നീടുള്ള എല്ലാ വിധത്തിലുള്ള പരിശോധനകളും സൗജന്യമായി നൽകണമെന്നാണ് വ്യവസ്ഥ. പക്ഷേ ആശുപത്രി അധികൃതർ അതിന് അനുമതി നൽകുന്നില്ല.
ഒ.പി യിൽ രാവിലെ സീനിയർ ഡോക്ടർ രോഗിയെ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞ ശേഷം അത്യാഹിത വിഭാഗത്തിലെത്തി പരിശോധനകൾ പൂർത്തീകരിച്ച് പിന്നീട് രാത്രിയോടു കൂടിയാണ് വാർഡിലേയ്ക്ക് പറഞ്ഞു വിടുന്നത്. അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന സമയങ്ങളിലെ പരിശോധനകൾ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തേണ്ടിവരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ അമിതമായ ഫീസ് നൽകി പരിശോധന നടത്തുവാൻ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ജൂനിയർ ഡോക്ടർമാരുടെ ശകാരവും.
അത്യാഹിത വിഭാഗത്തിലെത്തുന്ന അതീവ ഗുരുതരമായ രോഗികളെ മാത്രമേ ഉടൻ തന്നെ ബന്ധപ്പെട്ടവിഭാഗങ്ങളിലേയ്ക്ക് മാറ്റുകയുള്ളൂ. മറ്റുള്ള മുഴുവൻ രോഗികളുടേയും അവസ്ഥ ഇതായതിനാൽ അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്ക് ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കുവാൻ ആശുപത്രി അധികൃതർ ശ്രദ്ധിക്കണമെന്നാണ് രോഗികളുടെ ആവശ്യം.