ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിലെത്തുന്ന ഹൃദ്രോഗികളെ പല തവണ വാഹനങ്ങളിലേക്കും സ്ട്രെച്ചറുകളിലേക്കും കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടിവരുന്നത് രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതായി ആക്ഷേപം.
ഹൃദ്രോഗിയുമായി പുതിയ അത്യാഹിത വിഭാഗത്തിലെത്തിയശേഷം വാഹനത്തിൽ നിന്ന് ഇറക്കി ജീവനക്കാർ എത്തി സ്ട്രെച്ചറിൽ കിടത്തിയാണ് ആദ്യ വിഭാഗമായ ട്രയേജിൽ കാണിക്കുന്നത്. അവിടെ രോഗ വിവരം മനസിലാക്കി മെഡിസിനാണോ സർജറിയുൾപ്പെടെ മറ്റേതെങ്കിലും വിഭാഗമാണോയെന്നും അതീവ ഗുരുതരമാണോ ഗുരുതരമാണോ സാധാരണയായുള്ള രോഗം മാത്രമേയുള്ളോ എന്ന് നോക്കിയ ശേഷം അതീവ ഗുരുതരമാണെങ്കിൽ ചുവപ്പ് റിബണും, ഗുരുതരമെങ്കിൽ മഞ്ഞ റിബണും സാധാരണ നിലയിലാണെങ്കിൽ പച്ച റിബണും നൽകിയ ശേഷം ബന്ധപ്പെട്ടവിഭാഗങ്ങളിലേക്ക് മാറ്റുന്നു.
ഹൃദ്രോഗികളെ സംബന്ധിച്ച് വാഹനത്തിൽ നിന്ന് എടുത്ത് കയറ്റുന്ന സ്ട്രെച്ചറിൽ തന്നെ കിടത്തിയാണ് അത്യാഹിത വിഭാഗത്തിൽ പരിശോധിക്കുന്നത്. എന്നാൽ പ്രാഥമിക പരിശോധനയ്ക്കുശേഷം രോഗിയെ ഹൃദ്രോഗ വിഭാഗത്തിലേക്ക് മാറ്റണമെന്നുണ്ടെങ്കിൽ അത്യാഹിത വിഭാഗത്തിൽ നിന്നും വീണ്ടും വാഹനത്തിൽ കയറ്റി ഹൃദ്രോഗവിഭാഗത്തിലെത്തി വാഹനത്തിൽ നിന്നും വീണ്ടും ഇറക്കി സ്ട്രെച്ചറിൽക്കിടത്തിയ ശേഷമാണ് കാർഡിയോളജി ഡോക്ടറെ കാണുന്നത്. നിരവധി തവണ രോഗിയെ എടുത്ത് കയറ്റുന്നത് മൂലം കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ ഇത് പരിഹരിക്കുവാൻ ആവശ്യമായ സംവിധാനം സജ്ജീകരിക്കണമെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും ആവശ്യം.