ഗാന്ധിനഗർ: വെള്ളപ്പൊക്കവും ഉരുൾപൊട്ടലിനേയും തുടർന്ന് ആരോഗ്യ ഇൻഷുറൻസ് കാർഡ് നഷ്ടപ്പെട്ടവർക്കും റേഷൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കും കോട്ടയം മെഡിക്കൽകോളജിൽ സൗജന്യ ചികിത്സ നൽകും. ആശുപത്രി സൂപ്രണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടേയും വിവിധ സർവീസ് സംഘടന നേതാക്കളുടേയും സംയുക്ത യോഗമാണ് തീരുമാനമെടുത്തത്.
പ്രകൃതിദുരന്തത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളിൽ പലർക്കും അവരുടെ സൗജന്യ ചികിത്സ ലഭിക്കുന്നതിനുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് ഹാജരാക്കാൻ കഴിയുമായിരുന്നില്ല. നിരവധി രോഗികളാണ് ദുരന്തമുഖത്തുനിന്ന് ആശുപത്രിയിൽ എത്തുന്നത്.
പലർക്കും രേഖകൾ ഇല്ലെന്ന കാരണത്താൽ സൗജന്യചികിത്സ നിഷേധിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ മാധ്യമപ്രവർത്തകരാണ് അറിയിച്ചത്. തുടർന്നാണ് ഇവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന തീരുമാനമുണ്ടായത്. വെള്ളപ്പൊക്കം മൂലം ജോലിക്ക് ഹാജരാകാതിരിന്നുവർക്ക് ശന്പളത്തോടു കൂടിയുള്ള അവധി നൽകുവാനും തീരുമാനിച്ചു.