കോട്ടയം: മെഡിക്കല്‍ കോളജ് എംഡിആര്യു ( ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ) തസ്തികയിലേക്കുള്ള നിയമനം സെക്ഷന്‍ ക്ലര്‍ക്കിനെ സ്വാധീനിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച ബ്ലഡ് ബാങ്ക് ജീവനക്കാരനായ ഭരണകക്ഷി നേതാവിന്റെ ശ്രമം അധികൃതരുടെ കര്‍ശനമായ നടപടിയിലൂടെ ഒഴിവായി. നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ഇടപെടല്‍ നടത്തിയത്.
ഇന്റര്‍വ്യൂ നടക്കുന്ന ദിവസങ്ങളില്‍ നേതാവ് പ്രിന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യപേപ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോരാതിരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.
നേതാവിന്റെ ഭാര്യയെ ഇന്റര്‍വ്യൂവിലുടെ തെരെഞ്ഞെടുത്തിരുന്നുവെങ്കില് വിവാദങ്ങളില്പ്പെടുമായിരുന്ന അധികൃതര്‍ അതീവ ജാഗ്രത പാലിച്ചതുകൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്ന ആശ്വാസത്തിലാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതില്‍ വ്യാപകപരാതിയാണ് ഉയരുന്നത്.