ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ. സന്ധ്യ കഴിഞ്ഞ് ആംബുലൻസ് അടക്കമുള്ള വിവിധ വാഹനങ്ങളിൽ രോഗികളെ കൊണ്ടുവരുന്പോൾ കവാടത്തിൽ വൈദ്യുതി വെളിച്ചം ഇല്ലാതെ ഇരുട്ടായതിനാൽ പ്രവേശന കവാടം അറിയാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നു.
പ്രധാന റോഡിൽ നിന്നും അത്യാഹിത വിഭാഗംറോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള ലൈറ്റുകളാണ് പ്രവർത്തനരഹിതമായത്.
ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ലൈറ്റുകൾ പണിമുടക്കിയിട്ട്. രാത്രി സമയങ്ങളിൽ രോഗികളുമായി അമിത വേഗത്തിലാണ് വാഹനങ്ങൾ വരുന്നത്.
പരിചയമുള്ള ഡ്രൈവർമാർക്ക് പോലും ആശുപത്രിക്കകത്തേക്കുള്ള പ്രവേശന റോഡ് കാണാൻ കഴിയാതെ കവാടം കടന്നു മുന്നോട്ടു പോകുന്നു.
കോട്ടയം-ചുങ്കം റോഡ് വഴി വരുന്ന വാഹനങ്ങളും, അതിരന്പുഴ- ഗാന്ധിനഗർ റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങളും കവാടം കഴിഞ്ഞ് അധിക ദൂരം മുന്നോട്ടു പോയ ശേഷമാണ്
പിന്നീട് പുറകോട്ടു വന്ന് അത്യാഹിത വിഭാഗം റോഡിൽ പ്രവേശിക്കുന്നത്. വൈദ്യുതി വിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.