ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബുകളിലെ പരിശോധനാ ഫീസ് അമിതമായി വർധിപ്പിച്ചതു മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്കു വിവിധ രക്ത പരിശോധനകളാണ് വേണ്ടി വരുന്നത്.
സാധാരണ ഒരു രോഗിക്ക് പത്തോളം പരിശോധനകൾ വേണ്ടിവരുന്നുണ്ട്. 1500രൂപയിലധികമാണ് ഒരു പരിശോധനയ്ക്കു വേണ്ടി വരുന്നത്. കൂടാതെ രോഗിക്ക് ശ്വാസതടസമുണ്ടായാൽ ഓക്സിജൻ മാസ്ക്കും വെന്റിലേറ്റർ ട്യൂബുകളും ഒന്നിലധികം തവണ രോഗിയുടെ ബന്ധുക്കളെക്കൊണ്ടു വാങ്ങിപ്പിക്കും.
ഇതിന് ഒരു പ്രാവശ്യം 2000രൂപയിൽ അധികം ചെലവ് വരും. മെഡിക്കൽ കോളജ് ആശുപത്രിയിൽ പെട്ടെന്ന് രോഗം മൂർധന്യാവസ്ഥയിലെത്തി വരുന്ന രോഗികൾക്കും അപകടങ്ങൾ സംഭവിച്ചെത്തുന്നവർക്കും ലാബ് പരിശോധകൾക്കു അമിതമായി പണം വേണ്ടിവരുന്നതിനാൽ രോഗികളും ബന്ധുക്കളും വലയുകയാണ്.
രാത്രി കാലങ്ങളിൽ ആശുപത്രിക്കുള്ളിലെയും പരിസര പ്രദേശങ്ങളിലെയും എടിഎം കൗണ്ടറുകൾ പ്രവർത്തിക്കാത്തതും ആശുപത്രിയിൽ എത്തുന്നവർക്കു വലിയ ബുദ്ധിമുട്ടാവുന്നു.
രോഗിയുടെ രോഗവിവരങ്ങൾ സ്ഥിരീകരിച്ചതിനു ശേഷവും നിരവധി രക്ത പരിശോധനകൾ നിർദേശിക്കുന്നതും പരിശോധനകൾക്ക് അമിത ഫീസ് ഈടാക്കുന്നതും ഡോക്ടർമാരും ലാബുകാരും തമ്മിലുള്ള ഒത്തുകളിയാണെന്നു പരക്കെ ആക്ഷേപമുണ്ട്.