ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളെ ജൂണിയർ ഡോക്ടർമാർ അഡ്മിറ്റ് ചെയ്യരുതെന്ന് പഴയ വകുപ്പ് മേധാവി പുറത്തിറക്കിയ ഉത്തരവ് ബുദ്ധിമുട്ടുണ്ടാക്കുന്നു. രണ്ട് മാസം മുൻപ് മെഡിസിൻ വിഭാഗത്തിന്റെ ഇൻചാർജ് വഹിച്ചിരുന്ന മേധാവിയാണ് ഉത്തരവിറക്കിയത്. എന്നാൽ നിലവിൽ വകുപ്പ് മേധാവിയായി ചുമതലയെറ്റടുത്തയാളും ഉത്തരവ് പിൻവലിച്ചിട്ടില്ല.
മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്യാതെയും നിസാര രോഗമുള്ളവരെയും അഡ്മിറ്റ് ചെയ്യുന്നതു മൂലം ശരാശരി 60 കിടക്കകളുള്ള മെഡിസിൻ വാർഡുകളിൽ 120 മുതൽ 150 വരെ കിടപ്പ് രോഗികളുണ്ട്. അതിനാൽ ഗുരുതരമായ രോഗികൾക്ക് വേണ്ട വിധം ചികിത്സ നൽകാൻ കഴിയുന്നില്ല. അതിനാലാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് അധികൃതർ പറയുന്നു. മെഡിസിൻ വിഭാഗത്തിലെ എംഒ (മെഡിക്കൽ ഓഫീസർ) എസ്ആർ (സീനിയർ റെസിഡന്റ്) എന്നിവർക്ക് മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യുവാൻ അവകാശമുള്ളൂവെന്നും ഉത്തരവിലുണ്ട്.