ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ മുറിയിൽ നിന്നും വോളന്റിയർ നഴ്സിന്റെ 8000 രൂപ മോഷണം പോയി. മൂന്നാം വാർഡിൽ വനിതാ ജീവനക്കാർ ഡ്യൂട്ടിവസ്ത്രം മാറുന്ന മുറിയിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.
രാവിലെ ഡ്യൂട്ടിക്കെത്തിയ യുവതി എടിഎമ്മിൽ നിന്നും 10000 രുപ പിൻവലിച്ചു. 2000 രൂപാ ഫീസ് ആവശ്യത്തിനും മറ്റുമായി ഉപയോഗിച്ച ശേഷം ബാക്കി തുക പഴ്സിൽ ബാഗിനുള്ളിൽ വച്ച ശേഷം ഡ്യൂട്ടിക്ക് കയറി. പിന്നീട് ഒരു മണിക്കുറിന് ശേഷം ഭക്ഷണം കഴിക്കുന്നതിനായി തിരികെ മുറിയിൽ വന്ന് ബാഗ് തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ ഹെഡ് നഴസിനെ വിവരം ധരിപ്പിച്ചു. പിന്നീട് ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം പോലീസിൽ പരാതി നൽകി.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയവരുടെയും രാവിലെ ഡ്യൂട്ടി ചെയ്യുന്നവരുടേയും ലിസ്റ്റ് പോലീസ് ശേഖരിച്ച് ഇവരെ ചോദ്യംചെയ്യുവാൻ തീരുമാനിച്ചെങ്കിലും നഴ്സ് പരാതി പിൻവലിക്കുകയായിരുന്നു.
വോളന്റിയർ നഴ്സ് ആയതിനാൽ തുടർ പരിശിലനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ ആരുടേയെങ്കിലും ഭാഗത്തുനിന്ന് മറ്റേതെങ്കിലും തരത്തിലുള്ള പെരുമാറ്റമോ നടപടിയോ ഉണ്ടാകുമെന്ന ആശങ്കയിലാണ് പരാതി പിൻവലിച്ചതെന്നു പറയുന്നു.