കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ ഫോണ് മോഷണം വ്യാപകമായി. ഇന്നലെ രാത്രി രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ എണ്ണായിരം രൂപ വിലയുള്ള സ്മാർട്ട്ഫോണ് ആരോ അടിച്ചു മാറ്റി. കഴിഞ്ഞ ദിവസം ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കുന്ന കൗണ്ടറിനു സമീപത്തു വച്ച് ഒരാളുടെ പഴ്സ് കാണാതായി. ഗൈനക്ക് വാർഡിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കാനുള്ള മുറിയിൽ ഫോണ് ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഫോണ് എടുക്കാനെത്തിയപ്പോഴാണ് ഫോണ് കാണാതായത്.
വെറും അഞ്ചു മിനിട്ടിനുള്ളിൽ ഫോണ് ആരോ അടിച്ചു മാറ്റി. രാത്രി എട്ടുമണിയോടെയാണ് മോഷണം നടന്നത്. ഈ സമയം അവിടെ സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. രണ്ടുമൂന്നു പെണ്കുട്ടികളെ പിന്നീട് ഭക്ഷണ മുറിയിൽ കണ്ടില്ലെന്നും പറയുന്നു. ഏതായാലും ഫോണ് കാണാതായതിന് പോലീസിൽ പരാതി നല്കി. കാണാതായ ഉടൻ മറ്റൊരു ഫോണിൽ നിന്ന് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.
ഒരാഴ്ചയ്ക്കിടെ അഞ്ചു ഫോണുകൾ കാണാതായെന്നു പറയുന്നു. ഫോണ് മോഷണം പേടിച്ച് ചാർജ് ചെയ്യാനുള്ള ഫോണിന് കാവലിരിക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. ഭക്ഷണം കഴിക്കുന്ന മുറിയിൽ നിരവധി പേരാണ് കയറിയിറങ്ങുന്നത്. ഇതിൽ ആരാണ് മോഷ്ടാവ്, ആരാണ് രോഗിയോടൊപ്പമുള്ളത് എന്ന് തിരിച്ചറിയാനാവില്ല.
കഴിഞ്ഞ ദിവസം ഗൈനക്കോളജി വാർഡിലെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കുന്ന കൗണ്ടറിനു മുന്നിൽ വച്ചാണ് ഒരാളുടെ പഴ്സ് ആരോ മോഷ്ടിച്ചത്. പണവും ആഭരണവും ഫോണും അവനവന് തന്നെ സൂക്ഷിക്കണമെന്ന് സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പു നല്കുന്നു. കാരണം ആരാണ് മോഷ്ടാവ്, ആരാണ് രോഗിയോടൊപ്പമുള്ളതെന്ന് സെക്യൂരിറ്റികൾക്കും നഴ്സുമാർക്കും അറിയില്ല.