കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഫീസ് നല്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു പോലും സുരക്ഷിതത്വമില്ല. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷയുടെ ഡാഷ് ആരോ കുത്തിത്തുറന്ന് പരിശോധന നടത്തി. മോഷണമായിരുന്നു ലക്ഷ്യം. പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ കിട്ടുമെന്നു കരുതിയാവണം ഓട്ടോ കുത്തിത്തുറന്നതെന്നു കരുതുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ വാഹന മോഷണം വർധിച്ച സാഹചര്യത്തിലാണ് ഇവിടെ പാർക്കിംഗിന് ഫീസ് ഏർപ്പെടുത്തി പ്രത്യേക സ്ഥലം അനുവദിച്ചത്. എന്നാൽ പാർക്കിംഗ് സ്ഥലത്ത് യാതൊരു വിധ സുരക്ഷയും ഇല്ല എന്നാണ് വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നത്.
പാർക്കിംഗ് ഫീസ് പിരിക്കാൻ ആശുപത്രിക്ക് ചുറ്റും സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വാഹനം പാർക്ക് ചെയ്യുന്നിടത്ത് സെക്യൂരിറ്റിയില്ല. ഇത് മോഷ്ടാക്കൾക്ക് സഹായകമാകുന്നു.ദിവസം നൂറുകണക്കിന് വാഹനങ്ങളാണ് മെഡിക്കൽ കോളജിൽ എത്തുന്നത്.
ഒപി വിഭാഗം കെട്ടിടത്തിന്റെ വടക്കു വശത്താണ് വാഹനങ്ങളുടെ പാർക്കിംഗ് ഏരിയ. ഇവിടെ വാഹനം പാർക്ക് ചെയ്ത ശേഷം സന്ദർശകർ ആശുപത്രിയിലേക്ക് പോകും. അതല്ലെങ്കിൽ രോഗിയെ ഇറക്കിയ ശേഷം വാഹനം പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ടുപോകും.
ഡ്രൈവർ കാപ്പികുടിക്കാനോ മറ്റോ പോകുന്പോഴാണ് മോഷ്ടാക്കളുടെ വരവ്. ഫീസ് നല്കി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷ ചുമതല ആശുപത്രി അധികൃതർക്കാണെന്ന് വാഹന ഉടമകൾ പറയുന്നു. ഇതിന് പാർക്കിംഗ് ഏരിയയതിൽ സെക്യൂരിറ്റിക്കാരെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.