ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ പായും തലയണയും നഴ്സ് വലിച്ചെറിഞ്ഞതായി ആക്ഷേപം. കഴിഞ്ഞദിവസം പതിനാലാം വാർഡിലാണ് സംഭവം.ചിങ്ങവനം സ്വദേശിയായ ഒരു ഗൃഹനാഥനാണ് രോഗി.
പ്രമേഹത്തെത്തുടർന്നു കഴിഞ്ഞ വർഷം ഇയാളുടെ വലത് കാൽമുട്ട് മുറിച്ച് നീക്കിയിരുന്നു. അതേരോഗം ഇടത് കാലിനേയും ബാധിച്ചതിനെ തുടർന്നു കുറച്ച് ദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിൽ (പതിനാലാം വാർഡ്) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറിനു ഒരു നഴസ് വന്നു കട്ടിലിൽ കിടക്കുകയായിരുന്ന ഈ രോഗിയോട് എഴുന്നേറ്റ് താഴെപ്പോയി കിടക്കുവാൻ ആവശ്യപ്പെട്ടു.
തന്റെ കാൽമുട്ട് മുറിച്ച് മാറ്റിയതിനാൽ തറയിൽ കിടക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ഇയാൾ പറഞ്ഞു. തുടർന്നുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ക്ഷുഭിതയായ നഴ്സ് ഇയാളുടെ പായും തലയണയും എടുത്ത് വലിച്ചെറിഞ്ഞു. അടുത്ത ദിവസം പരിശോധയെക്കെത്തിയ ബന്ധപ്പെട്ട ഡോക്ടറോട് ഇതേപ്പറ്റി പരാതി പ റഞ്ഞപ്പോൾ രോഗികളോട് ഈ വിധത്തിൽ പെരുമാറരുതെന്ന് അദ്ദേഹം നഴ്സിനെ താക്കീത് ചെയ്തു പ്രശ്നം പരിഹരിച്ചു.
ഈ വാർഡിലെ രണ്ടു നഴ്സുമാർ മാത്രം രോഗികളോടും കൂട്ടിരിപ്പ്കാരോടും വളരെ മോശമായ പെരുമാറ്റവും സംഭാഷണവുമാണ് നടത്തുന്നതെന്ന് ചികിത്സയിൽ കഴിയുന്നവരുടെ വ്യാപകമായ ആക്ഷേപം. ചികിത്സയിൽ തുടരുന്നതിനാൽ ഇവർക്കെതിരേ പരാതി രേഖാമൂലം നൽകുവാൻ ആരും തയാറാകുന്നില്ല.
മെഡിക്കൽ കോളജിൽ ഭൂരിപക്ഷം നഴ്സസുമാരും രോഗികളോടും ബന്ധുക്കളോടും വളരെ മാന്യമായി പെരുമാറുന്പോഴാണു ചില വാർഡുകളിലെ ചുരുക്കം ചില നഴ്സുമാർ വളരെ ധിക്കാരവും, മോശമായ പെരുമാറ്റവും നടത്തുന്ന തെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞു വന്ന ഇതേ യൂണിറ്റിലെ രോഗിയെകിടത്താൻ കിടക്ക ആവശ്യമായി വന്നു. അതിനാൽ കാൽമുട്ട് മുറിച്ചുമാറ്റിയ രോഗിയോട് തറയിൽ പായ് വിരിച്ച് കിടക്കുവാൻ ആവശ്യപ്പെട്ടു. അതിനെ എതിർത്ത രോഗിയും ഇയാളുടെ ഭാര്യയും വളരെ മോശമായ ഭാഷയിൽ സംസാരിച്ചപ്പോഴുണ്ടായ ദേഷ്യത്തെ തുടർന്നുണ്ടായതാണെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.