ഗാന്ധിനഗർ: പൊതുജനമധ്യത്തിൽ വച്ച് പോലീസിനെ ആക്ഷേപിച്ച് സംസാരിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന് ആശുപത്രി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നല്കി. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒ.പി.യിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് ശ്രീദേവിക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്.
മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസുകാരനെ പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡോക്ടറെ കാണിക്കാൻ ഒപ്പം എത്തിയതായിരുന്നു എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനോട് ഡോക്ടറെ കാണുന്നതിനുള്ള അനുമതി തേടിയപ്പോഴാണ് ആക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തെ തുടർന്ന് പോലീസുകാരൻ ആശുപത്രി സൂപ്രണ്ട്, ആർ എം ഒ എന്നിവർക്കും ഗാന്ധിനഗർ പോലീസിലും പരാതി നൽകി. സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തു.
സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ അന്വേഷണം നടത്തിയ ശേഷം ഇവരെ ഒ.പി. റൈറ്റിംഗ് കൗണ്ടറിലേക്ക് മാറ്റുകയും തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയുമായിരുന്നു