ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന മാനസിക ന്യൂനതയുള്ള രോഗികൾക്ക് ഒപി ടിക്കറ്റ് എടുക്കാൻ പ്രത്യേക കൗണ്ടർ അനുവദിക്കണമെന്ന് ആവശ്യം. മുൻകാലങ്ങളിൽ ഈ വിഭാഗത്തിൽ വരുന്നവർക്ക് ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ സൗകര്യമുണ്ടായിരുന്നു.
മണിക്കൂറുകൾ കാത്തു നിന്നാൽ മാത്രമേ ഒപി കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കാൻ ഇപ്പോൾ സാധിക്കൂ. ഇതു മാനസിക ന്യൂനതയുള്ള രോഗികൾക്ക് ബുദ്ധിമുട്ടിനു കാരണമാകുന്നതായി പരാതി ഉയരുന്നു.
രോഗിയെ ഒപി കൗണ്ടറിന് സമീപത്ത് ഇരുത്തിയശേഷമാണ് കൂടെയെത്തുന്നയാൾ ഒപി ടിക്കറ്റ് എടുക്കാൻ പോകുന്നത്. മണിക്കൂറുകൾ ക്യൂ നിന്ന് ഒപി ടിക്കറ്റുമായി കൂടെയുള്ളയാൾ എത്തുന്പോൾ രോഗി ബഹളം വയ്ക്കുകയോ ചിലർ ആശുപത്രി പരിസരം വിട്ടു പോകുകയോ ചെയ്യുക പതിവാണ്.
അതിനാൽ മാനസിക ന്യൂനതയുള്ള രോഗികൾക്കായി പ്രത്യേക കൗണ്ടർ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇതിനു പുറമേ സീനിയർ സിറ്റിസണ്, ഹൃദ്രോഗികൾ കടുത്ത ശ്വാസംമുട്ടലുള്ളവർ എന്നീ രോഗികളുമായി വരുന്നവർക്കും പ്രത്യേക പരിഗണന നൽകുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നാണ് ആവശ്യമുയർന്നിട്ടുണ്ട്.
ഇപ്പോഴത്തെ ഒപി കൗണ്ടറിൽ അഞ്ചു ജീവനക്കാരാണ് ചീട്ട് എഴുതി നൽകാനായി ഡ്യൂട്ടി ചെയ്യുന്നത്. ഈ ഒപി കൗണ്ടറിൽ ഒന്ന്, രണ്ട് എന്നിങ്ങനെ ക്രമനന്പർ ഇട്ട് പ്രത്യേക പരിഗണന നൽകേണ്ടവർക്കായി പ്രത്യേക കൗണ്ടർ അനുവദിച്ചാൽ, ഇപ്പോൾ ഒപി ചീട്ട് എടുക്കുന്നതിനായി കിലോമീറ്റർ ദൂരത്തിൽ മണിക്കൂറുകൾ നിൽക്കുന്ന ക്യൂ ഒഴിവാക്കാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്.
ഇപ്പോഴത്തെ സംവിധാനത്തിൽ ഒപി ചീട്ട് എടുക്കുവാൻ ക്യൂനിൽക്കുന്ന രോഗിയോ, രോഗിയുടെ കൂടെ എത്തുന്നയാളോ, മാനസിക ന്യൂനത യുള്ള രോഗിക്കായി ടിക്കറ്റ് എടുക്കുവാൻ വേണ്ടി പിന്നിൽ നിന്ന് മുന്നോട്ടു വന്നാൽ ക്യൂവിന് മുന്നിൽ നിൽക്കുന്നയാൾ ബഹളം വയ്ക്കുന്നതും വാക്കുതർക്കമുണ്ടാക്കുന്നതും പതിവാണ്.
അതിനാലാണ് എല്ലാവർക്കും ഒരേ രീതിയിൽ ഒപി കൗണ്ടർ അനുവദിച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ടാകുന്ന സാഹചര്യത്തിൽ ഇവർക്കായി പ്രത്യേക കൗണ്ടർ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ രാഷ്്ട്രദീപികയോടു പറഞ്ഞു.