ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റ് കൊടുക്കുന്ന സമയം രാവിലെ 7.30ൽനിന്ന് എട്ടിനാക്കണമെന്നാവശ്യം ശക്തമാകുന്നു.8.30മുതലാണ് ഡോക്ടർമാരും ജീവനക്കാരും ഒപി വിഭാഗത്തിൽ എത്തിച്ചേരുന്നത്.
ചില വിഭാഗങ്ങളിൽ 10.30ഉം 11ഉം ആണ്. 7.30 മുതൽ ഒപി ടിക്കറ്റ് എടുത്ത് ബന്ധപ്പെട്ട ഡോക്ടർമാരുടെ മുറിയുടെ മുന്നിൽ പോയി നിൽക്കുന്നിടത്ത് എപ്പോഴും വാക്ക് തർക്കവും ബഹളവുമാണ്. ഇതു ചിലപ്പോഴൊക്കെ സംഘർഷത്തിലേക്ക് എത്താറുണ്ട്. മണിക്കൂറുകൾ കാത്തുനിന്ന് കഴിയുന്പോഴാണു ചില ഒപികളിൽ ഡോക്ടർമാർ എത്തുന്നത്.
ഇവരുടെ ഒപി സമയം 10.30, 11 ആയതിനാൽ രോഗികൾ 7.30 മുതൽ കാത്തുനിൽക്കേണ്ടി വരുന്നു. എട്ട് ആക്കിയാൽ അതനുസരിച്ച് എല്ലായിടത്തും വ്യത്യാസം വരുത്തുവാൻ കഴിയുമെന്ന് ജീവനക്കാരും പറയുന്നു.
കേരളത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ് ഒപി ടിക്കറ്റ് 7.30ന് നൽകുന്നതെന്നും മറ്റു മെഡിക്കൽ കോളജുകളിലെപ്പോലെ എട്ടിനു നൽകിയാൽ രാവിലെ വന്ന് ഡോക്ടർമാരുടെ മുറിയുടെ മുന്പിൽ നിൽക്കുന്ന വലിയ ക്യൂവും ബഹളവും ഒഴിവാക്കുവാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്.