ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന്റെ കടബാധ്യത പരിഹരിക്കാൻ 200 കോടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം കടലാസിൽ മാത്രമെന്ന് ആശുപത്രി അധികൃതർ.
കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങൾ വാങ്ങിയ ഇനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്.
ഈ ഇനത്തിൽ 10 കോടി രൂപയാണ് മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനുമാത്രം നൽകാനുള്ളത്.
മൂന്നു മാസം കൂടുന്പോൾ നൽകിയിരുന്ന ഫണ്ടുകളാണ് ഒന്നര വർഷം പിന്നിട്ടിട്ടും കൊടുക്കാത്തത്. സാധാരണയായി കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്കായി ലഭിക്കുന്ന തുകയാണ് വകമാറ്റി എച്ച്ഡിഎസ് ജീവനക്കാർക്ക് ശന്പളം കൊടുക്കുന്നതും സ്വകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നതും.
എന്നാൽ കാസ്പിന്റെ ഫണ്ട് ലഭ്യമാക്കാൻ ആശുപത്രി അധികൃതർ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും സർക്കാർ കനിഞ്ഞിട്ടില്ല.
ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങളുടെ അപര്യാപ്തത കാരണം ഹൃദയ ശസ്ത്രക്രിയാവിഭാത്തിലെ ശസ്ത്രക്രിയകൾവരെ മാറ്റിവയ്ക്കുകയാണ്.
ശസ്ത്രക്രിയ മാറ്റിവച്ചതു മൂലം ഒരു രോഗി മരിക്കാനിടയായ സംഭവത്തിൽ രോഗിയുടെ ബന്ധു ആരോഗ്യമന്ത്രിക്കു പരാതി നൽകിയതായി റിപ്പോർട്ടുണ്ട്.