ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തില്‍ നവീകരിച്ച ശസ്ത്രക്രീയാ തീയറ്ററിന്റെ ഉദ്ഘാടനം വൈകുന്നതുമൂലം രോഗികള്‍ ദുരിതത്തിലാകുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് രോഗികളില്‍ നിന്നും ഉയരുന്നത്.
കഴിഞ്ഞ 25 ന് തിയറ്ററിന്റെയും നിരവധി പുതിയ പദ്ധതികളുടെയും ഉദ്ഘാടനം നടത്താനായിരുന്നു അധികൃതര്‍ നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 25നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തില്‍ നടന്നതിനാല്‍ അന്നു മെഡിക്കല്‍ കോളജിലെ ഉദ്ഘാടന പരിപാടി നടത്താനായില്ല.
എന്നാല്‍ വീണ്ടും രണ്ടാഴ്ച പിന്നിട്ടിട്ടും നേത്രരോഗ വിഭാഗത്തിലെ ശസ്ത്രക്രിയ തിയറ്റര്‍ ഉദ്ഘാടന തീയതി പോലും നിശ്ചയിക്കാനായിട്ടില്ല.
നിരവധി നേത്ര രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.
ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ചു നല്‍കിയെങ്കിലും പിന്നീട് മാറ്റി നല്‍കുകയായിരുന്നു.എന്നാല്‍ ആ തീയതിയിലും ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല.
അതിന്റെ കാരണം മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് തിയറ്ററിന്റെ ഉദ്ഘാടനം നടത്താനായില്ല എന്നതാണ്.ഇതുമൂലം നിരവധി രോഗികളാണ്ദുരിതത്തിലായിരിക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഇവിടെ ശസ്ത്രക്രിയകള്‍ നടക്കുന്നത്. അതും പ്രത്യേകമായി തയാറാക്കിയ തിയറ്ററില്‍.
രോഗംമൂലം അവശതയില്‍ കഴിയുന്ന നിരവധി രോഗികളുടെ അവസ്ഥ മനസിലാക്കിയങ്കിലും ശസ്ത്രക്രിയ തിയറ്റര്‍ ഉടന്‍ തുറന്നുകൊടുക്കണമെന്നാണ് രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്.