ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന പാരാ മെഡിക്കൽ (എക്സ്റേ, ഇസിജി, സി.റ്റി.സ്കാൻ ) ജീവനക്കാർക്ക് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമില്ലെന്നു പരാതി.
രാത്രിയിൽ ഡ്യൂട്ടി ചെയ്യുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. റിസപ്ഷൻ, കാഷ്, പി.ആർ.ഒ.എന്നിവരേയും പാരാമെഡിക്കൽ വിഭാഗത്തിൽപ്പെടുത്തിയിരിക്കുകയാണ്.
പുരുഷ വിഭാഗം ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് രണ്ട് കിടക്കകളും സ്ത്രീ ജീവനക്കാർക്ക് നാല് കിടക്കകളും ഉള്ള മുറിയുണ്ടെങ്കിലും ഇതിനുള്ളിൽ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യമില്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 7.30ന് മടങ്ങിപ്പോകേണ്ട സമയത്ത് പ്രാഥമികകൃത്യനിർവഹണം നടത്തുവാൻ കഴിയാതെ മുഴുവൻ ജീവനക്കാരും ബുദ്ധിമുട്ടുന്നു.
നിലവിൽ ഡോക്ടർമാർ, നഴ്സസ് എന്നിവർക്ക് മാത്രമാണ് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമുള്ള മുറികൾ ഉള്ളത്. അതിനാൽ മറ്റ് ജീവനക്കാർക്കും ഇത്തരത്തിൽ സൗകര്യമുള്ള ഒരു മുറി നൽകണമെന്നാണ് ആവശ്യം.