ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള സന്ദർശന പാസിന്റെ വില വർധിപ്പിച്ചതിൽ വ്യാപകമായ പ്രതിഷേധം.
സന്ദർശന പാസിന്റെ വില ഇരട്ടിയായും അഞ്ചിരട്ടിയാകും വർധിപ്പിച്ചത് കൊള്ളയാണെന്നു മാണ് മെഡിക്കൽ കോളജിലെത്തുന്നവരുടെ ആക്ഷേപം.
അഞ്ചു രൂപയായിരുന്ന സന്ദർശന പാസിന് 10 രൂപയായും എമർജൻസി പാസിന് 50 രൂപയായുമാണ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 30 ന് ആശുപത്രി സൂപ്രണ്ട് ഇറക്കിയ ഉത്തരവിലാണ് ഫീസ് വർധനവിവരം അറിയിച്ചിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം ആറുവരെ 10 രൂപയും ആറു മുതൽ ഏഴുവരെ ഫീസ് ഇല്ലാതെയും ഏഴു മുതൽ 50 രൂപയുമാണ് രോഗി സന്ദർശന പാസിന്റെ പുതിയ നിരക്ക്.
സന്ദർശന സമയത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ മാത്രമേ രോഗീസന്ദർശനം അനുവദിക്കൂ. കയറുന്പോഴും ഇറങ്ങുന്പോഴും പാസ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിക്കണം.
ഒരു മണിക്കൂറിൽ കൂടുതൽ സന്ദർശനം നടത്തിയാലോ പാസ് നഷ്ടപ്പെട്ടാലോ വീണ്ടും ഇരട്ടി ഫീസ് പിഴയായി നൽകണം. ആശുപത്രി അധികൃതരുടെ ഫീസ് വർധനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സന്ദർശന ഫീസ് വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യാൻ ചില രാഷ്ടീയ സംഘടനകളും തയാറാകുകയാണ്.