കോട്ടയം: മെഡിക്കല് കോളജിലെ പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകളും സര്ജിക്കല് ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നത് ടെണ്ടര് ഇല്ലാതെ. ഒരാളില്നിന്നുതന്നെ മൂന്നുപേരുടെ വിലാസത്തില് ക്വട്ടേഷന് വാങ്ങുകയും അതില് കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന് സ്വീകരിക്കുകയുമാണ് പേയിംഗ് കൗണ്ടറില് വര്ഷങ്ങളായി നടക്കുന്നതെന്നാണ് ആക്ഷേപം.
ടെണ്ടര് വിളിക്കാതെ ഒരാള്ക്കുതന്നെ ക്വട്ടേഷന് നല്കുന്നതിൽ ലക്ഷങ്ങളാണ് കമ്മീഷന് ഇനത്തില് ജീവനക്കാരില് ചിലര് കൈപ്പറ്റുന്നതെന്നും ആരോപണം ഉയരുന്നു.
പേയിംഗ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക് ഇരുചക്ര വാഹനം വാങ്ങിനല്കിയത് ഒരു പ്രമുഖ മരുന്നു കമ്പനിയാണെന്നു പറയപ്പെടുന്നു. വളരെ കുറഞ്ഞ ശബളം കിട്ടുന്ന ഇവരില് ചിലര് ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുക്കളുടെ ഉടമകളായതിന്റെ പിന്നില് സ്വകാര്യ മെഡിക്കല് കമ്പനികളുടെ സഹായം കൊണ്ടാണെന്ന് ആരോപണമുണ്ട്.
മെഡിക്കല് കോളജില്നിന്നു വിരമിച്ചയാളാണ് പേയിംഗ് കൗണ്ടറിന്റെ മേധാവിയായും തുടരുന്നത്.ശസ്ത്രക്രിയാ ഉപകരണങ്ങള് അണുവിമുക്തമാക്കുന്നതിനായി പൊതിയാന് ഉപയോഗിക്കുന്ന പേപ്പര് (ഇടിഒ) വാങ്ങിയതിലും വന് അഴിമതിയാണു നടക്കുന്നത്.
വര്ഷങ്ങളായി ഒരു കമ്പനിക്കുതന്നെ ക്വട്ടേഷന് നല്കുന്ന പതിവാണ് സ്വീകരിച്ചിരുന്നത്. ഇത് സൂപ്രണ്ട് ഓഫീസിലെ എച്ച്ഡിഎസ് വിഭാഗം കൈകാര്യം ചെയ്തിരുന്ന ഒരു സ്ഥിരം ജീവനക്കാരനാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഈ തട്ടിപ്പ് കണ്ടുപിടിക്കുകയും ജീവനക്കാരനെ തല്സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തിരുന്നു.
തുടര്ന്ന് ആശുപത്രി അധികൃതര്ക്കു വേണ്ടപ്പെട്ടയാളെ അവിടെ നിയമിച്ചു.ഇയാളും ഇപ്പോള് ഒരു കമ്പനിക്കുതന്നെ സ്ഥിരമായി ഓര്ഡര് നല്കികൊണ്ടിരിക്കുകയാണ്.
മെഡിക്കല് കോളജ് ആശുപത്രിയില് സര്ക്കാര് അറിയാതെ ആശുപത്രി അധികൃതര് നടത്തുന്ന നിയമനങ്ങളും ക്വട്ടേഷന് നല്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷിക്കുവാന് ബന്ധപ്പെട്ട അധികൃതര് തയാറാകണമെന്നാവശ്യം ശക്തമാകുകയാണ്.