ഗാന്ധിനഗർ: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനാ കേന്ദ്രത്തിൽ വൻ തിരക്ക്. ഇവിടുത്തെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരുമില്ല.
പൊടിപാറ ബ്ലോക്കിലെ പരിശോധനാ കേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം നാലുവരെ നൂറോളം പേരാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും വകവയ്ക്കാതെ ഇവിടെ തടിച്ചുകൂടിയത്.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ രക്തവും മറ്റും പരിശോധിക്കാൻ ഇവിടെയാണ് നിർദേശിക്കാറുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ എണ്ണത്തിലെ പരിമിതിയാണ് തിരക്കിനു കാരണമെന്നും പറയപ്പെടുന്നു.
പരിശോധനയ്ക്കുള്ള വസ്തുക്കൾ സ്വീകരിക്കുന്നതിനും ഫീസ് ഈടാക്കുന്നതിനും പരിശോധനാ റിപ്പോർട്ടുകൾ വാങ്ങുന്നതിനും ഓരോ കൗണ്ടറുകൾ മാത്രമാണുളളത്.
കൂടുതൽ കൗണ്ടറുകൾ തുറക്കുകയും പരിശോധനാ ഫലം തിരികെ നൽകുന്നതിനു സമയം ക്രമീകരിക്കുകയും ചെയ്താൽ തിരക്ക് ഒഴിവാക്കാൻ കഴിയും.
അധികൃതർ അടിയന്തരമായി ഇക്കാര്യം നടപ്പിലാക്കണമെന്നു രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.