ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ വീണ്ടും മോഷണങ്ങളും സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർധിക്കുന്നു. കോവിഡ് ഭീതി മൂലം മോഷ്ടാക്കളെയും സാമൂഹിക വിരുദ്ധരെയും കസ്റ്റഡിയിലെടുക്കാൻ പോലീസിനു കഴിയുന്നില്ല.
കഴിഞ്ഞ വർഷം മെഡിക്കൽ കോളജ്് കോന്പൗണ്ടിൽ ലോട്ടറി വില്പനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരും മെഡിക്കൽ കോളജ് കോന്പൗണ്ടും ബസ്് സ്റ്റാൻഡ് പരിസരവും കൈവശപ്പെടുത്തിയിരിക്കുകയാണ്.
പകൽ സമയങ്ങളിൽ ആശുപത്രി പരിസരത്തിരുന്ന് മദ്യപിക്കുന്നതും വഴിയാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവ് കാഴ്ചയാണ്. സംഭവമറിഞ്ഞു പ്രദേശത്ത് പോലീസ് എത്തിയാൽ ഇത്തരം സംഘങ്ങൾ ഒളിക്കുകയും ചെയ്യും.
ഇത്തരം സംഘങ്ങൾ രാവിലെ ആശുപത്രി പരിസരങ്ങളിൽ ഭിക്ഷ യാചിക്കും. രാത്രി സമയങ്ങളിൽ രോഗികളുടെയും, കൂട്ടിരിപ്പുകാരുടെയും പണവും, മൊബൈലുകളും മോഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഭിക്ഷ യാചിച്ചു കിട്ടുന്ന പണം കൊണ്ട് മദ്യവാങ്ങിയശേഷം അടഞ്ഞു കിടക്കുന്ന ഏതെങ്കിലും കടയുടെ തിണ്ണയിൽ ഇരുന്നു പരസ്യമായി മദ്യപിക്കും. ഇന്നലെ ഇത്തരത്തിൽ മദ്യപിച്ചിരുന്ന ഒരാളെ തട്ടുകടയിലെ ജീവനക്കാരൻ ചോദ്യം ചെയ്തതിന്റെ പേരിൽ ഈ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു.
കഴിഞ്ഞ ദിവസം ഇവരുടെ സംഘത്തിൽപ്പെട്ട മദ്യലഹരിയിലായിരുന്ന മറ്റൊരാൾ അത്യാഹിത വിഭാഗം റോഡിന്റെ പ്രവേശന കവാടത്തിന് സമീപം ചെരുപ്പു കുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശിയെ ക്രൂരമായി മർദിച്ചു. ഇ്ത്തരത്തിലുള്ള സംഭവങ്ങളും മോഷണങ്ങളും വ്യാപകമായിട്ടും ആരും പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടില്ല.
പരാതി നൽകിയാൽ തന്നെ കോവിഡ് ഭീതി മൂലം ഒരാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസിന് കഴിയില്ല. ഇതറിഞ്ഞാണ് മോഷ്ടാടാക്കൾ ആശുപത്രി കോന്പൗണ്ടിൽ അഴിഞ്ഞാടുന്നതെന്നും പറയപ്പെടുന്നു.