ഗാന്ധിനഗർ: പോലീസ് മർദിച്ചെന്ന് ആരോപിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി വാർഡിൽനിന്ന് മുങ്ങി. വാർഡിൽനിന്ന് രോഗിയെ കാണാനില്ലെന്ന വിവരം ഡോക്ടർമാർ ഗാന്ധിനഗർ പോലീസിൽ അറിയിച്ചു. സ്കാനിംഗിനായി പോയ ആളാണ് രാത്രിയായിട്ടും തിരിച്ചെത്താതിരുന്നത്. മൂവാറ്റുപുഴ മേക്കടന്പ് പുതുവാ തോട്ടത്തിൽ ബിനു പി. ജോസഫാ (41) ണ് മെഡിക്കൽ കോളജിലെ 11-ാം വാർഡിൽനിന്ന് മുങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണു മൂവാറ്റുപുഴ എസ്ഐ മർദിച്ചെന്നാരോപിച്ച് ചികിത്സ തേടിയെത്തിയത്. കെ എസ്ആർടിസി കുമളി ഡിപ്പോയിലെ മെക്കാനിക്കായ ഇയാൾ മദ്യപിച്ചെത്തി മർദിക്കുന്നുവെന്ന മാതാവിന്റെ പരാതിയെ തുടർന്നായിരുന്നു മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.
ഒരു വക്കീലും സുഹൃത്തും ഉണ്ടായിരുന്നുവെന്നും ഇവർ പോലീസ് കാന്റീനിൽ കാപ്പി കുടിക്കാൻ പോയപ്പോൾ എസ്ഐ വരികയും ബിനുവിനെ മർദിക്കുകയും ആയിരുന്നുവെന്നാണ് പരാതി. ബുധനാഴ്ച രാത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനകളിലും എക്സ്റേയിലും ഇയാൾക്ക് മർദനമേറ്റ രീതിയിലുള്ള പരിക്കുകളോ, മറ്റ് ലക്ഷണങ്ങളോ കാണാൻ കഴിഞ്ഞില്ല.
കൈക്കുള്ള ഒരു ചെറിയ ഒടിവ് വളരെ പഴക്കമുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഗൗരവമുള്ള സംഭവമെന്ന നിലയിൽ ഇന്നലെ രാവിലെ 10ന് 11-ാം വാർഡിലേക്ക് അഡ്മിറ്റ് ചെയ്യുകയും, സിടി സ്കാനിംഗിന് ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തു. വാർഡിൽ ചെന്ന് അഡ്മിഷൻ രേഖപ്പെടുത്തിയശേഷം, സ്കാനിംഗിനു പോകുവാണെന്നു പറഞ്ഞ് രോഗിയും കൂടെയുള്ളവരും പോയി.
രാത്രി ഏഴു കഴിഞ്ഞിട്ടും രോഗി വാർഡിലെത്താതിരുന്നതിനെ തുടർന്നു വിവരം ഗാന്ധിനഗർ പോലീസിൽ അറിയിച്ചു. പോലീസ് മർദിച്ചുവെന്ന പേരിൽ ചികിത്സ തേടിയെത്തിയ യുവാവിനു പുതിയ പരിക്കുകളോ, ശരീരത്തിൽ മർദനമേറ്റ തരത്തിലുള്ള പാടുകളോ വിദഗ്ധ പരിശോധനകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും, സംശയനിവാരണത്തിനായി സിടി സ്കാനിംഗിന് നിർദ്ദേശിച്ചുവെങ്കിലും രോഗിയെ വാർഡിൽ കാണാനില്ലെന്നും ഈ വിവരം പോലിസിൽ അറിയിച്ചിട്ടുണ്ടെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഓർത്തോ പീഡിക്സ് യൂണിറ്റ് ചീഫ് ഡോ. എം.സി. ടോമിച്ചൻ പറഞ്ഞു.