ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ട് സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യപ്രവർത്തകരുടെയും കഞ്ചാവ് വില്പനക്കാരുടേയും വിഹാരകേന്ദ്രമാകുന്നു. രോഗികൾക്കും അവരുടെ പരിചരണത്തിനായി എത്തുവർക്കും ഭയാശങ്കകൂടാതെ കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
ആശുപത്രി കോന്പൗണ്ടിന്റെ ചില ഭാഗങ്ങൾ കാടുപിടിച്ചു കിടക്കുന്നതിനാൽ മോഷ്ടാക്കളുടെയും താവളകേന്ദ്രമായി ആശുപത്രി പരിസരം മാറുന്നു. മുൻകാലങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് വളരെ ശക്തമാക്കുകയും സെക്യൂരിറ്റി ജീവനക്കാരുടെ പരിശോധനകളും ഉണ്ടായിരുന്നു. ഇപ്പോൾ കാര്യമായ പരിശോധനകൾ നടത്താത്തത് സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു. സന്ധ്യകഴിഞ്ഞാൽ കാർഡിയോളജി മന്ദിരത്തിന്റെയും കാൻസർ വാർഡിന്റെയും ഇടയ്ക്കുള്ളകുറ്റിക്കാട് സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
ഗൈനക്കോളജി മന്ദിരത്തിലേക്കു പോകുന്ന റോഡിന്റെ ഇടതുഭാഗത്തും കുറ്റിക്കാട്ടിലും ഇവരുടെശല്യം രൂക്ഷമാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേന പകൽ സമയങ്ങളിൽ മദ്യം വാങ്ങി കൊണ്ടുവന്ന് ഇവിടിരുന്ന് പരസ്യമായി മദ്യപിക്കുകയാണ്. കഴിഞ്ഞദിവസം ചീഞ്ഞളിഞ്ഞ ഒരു മൃതശരീരം കാൻസർ വാർഡിന്റെ പിൻഭാഗത്തു കാണപ്പെട്ടിരുന്നു.
രണ്ടാഴ്ചയോളം പഴക്കം വരുമെന്ന് സംശയിക്കുന്ന ഈ മൃതദേഹം ആശുപത്രി പരിസരത്ത് വർഷങ്ങളായി ലോട്ടറി വില്പപന നടത്തുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മ(55)യുടേതാണ്. ഇവരുടെ മൃതദേഹം കിടന്നത് ആശുപത്രി മാലിന്യങ്ങൾ വാർഡുകളിൽനിന്നു ശേഖരിച്ചു വയ്ക്കുന്ന സ്ഥലത്തിനു പിൻഭാഗത്തായി രുന്നതിനാൽ ദുർഗന്ധം അറിയാൻ കഴിഞ്ഞില്ല.
ആശുപത്രി പരിസരവും ആളൊഴിഞ്ഞ സ്ഥലവും ഏതൊക്കെയാണെന്ന വിവരം കൃത്യമായി മനസിലാക്കിയിട്ടുള്ളവർക്കു മാത്രമേ ഈ പാതകം ചെയ്യാൻ കഴിയൂ. ആശുപത്രി പരിസരത്തെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കുന്നതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ അനിയന്ത്രിതമായ ശല്യം ഒഴിവാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് ആവശ്യം.