കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ നിയമനം സംബന്ധിച്ചുള്ള വിവാദത്തിൽ ആരോപണവിധേയയായ യുവതി ജില്ലാ പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് മെഡിക്കൽ കോളജിലെത്തി.
ഇന്നലെ സൂപ്രണ്ട് ഓഫീസിലെത്തിയ അന്വേഷണസംഘം, ജനുവരി ആറിന് നടന്ന പിആർഒ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് യുവതിക്ക് അയച്ച കത്തിനെ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചു.
പോലീസിന്റെ അന്വേഷണത്തിൽ യുവതിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ യുവതി ഇന്റർവ്യൂവിന് ഹാജരാകുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശക്തമായ അഷണ മുണ്ടാകും.
മെഡിക്കൽ കോളജിൽ പിആർഒ ട്രെയിനിയായിരുന്ന ഏറ്റുമാനൂർ പേരൂർ സ്വദേശിനിയോടാണ് ഇന്റർവ്യൂവിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.
സൂപ്രണ്ട് ഓഫീസിൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എച്ച്ഡിസി ഓഫീസിൽനിന്ന് എട്ട് ഉദ്യോഗാർഥികൾക്കാണ് കത്ത് അയച്ചത്.
കാക്കനാട് പ്രൊഫഷണൽ എംപ്ലോയ്മെന്റിൽനിന്നു ലഭിച്ച സീനിയോരിറ്റി ലിസ്റ്റ് അനുസരിച്ചായിരുന്നു നടപടി.ഇന്റർവ്യൂവിന് ആറു പേർ ഹാജരായി. ആറാം സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗാർഥി എത്തിയിരുന്നില്ല. ഈ ക്രമനന്പർ സ്ഥാനത്താണ് ആരോപണവിധേയയായ യുവതി പങ്കെടുക്കാൻ എത്തിയത്.
ഇന്റർവ്യൂഹാളിൽ പ്രവേശിച്ച യുവതി തനിക്കു ലഭിച്ചെന്ന് അവകാശപ്പെട്ടുനൽകിയ കോൾ ലെറ്റർ, ഓഫീസ് ജീവനക്കാർ പരിശോധിച്ചു.
യുവതിക്ക് തങ്ങൾ കത്ത് അയച്ചിട്ടില്ലെന്ന് സെക്ഷനിൽനിന്ന് ഇൻറർവ്യൂ ബോർഡിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
തന്നെ പിടികൂടുമെന്നു മനസിലാക്കിയ യുവതി ഇന്റർവ്യൂഹാളിൽനിന്നു രക്ഷപ്പെട്ട്, ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന അത്യാഹിതവിഭാഗത്തിലേക്കു മടങ്ങുകയും ചെയ്തു.
യുവതി സമർപ്പിച്ച കോൾ ലെറ്റർ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ആശുപത്രി അധികൃതർ ട്രെയിനി ഡ്യൂട്ടിയിൽനിന്നു യുവതിയെ പിരിച്ചുവിടുകയായിരുന്നു.