കോട്ടയം: സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത ശേഷം വിരമിച്ചവരെ മെഡിക്കൽ കോളജിൽ നിയമിക്കുന്നതിനെതിരേ വ്യാപക പരാതി.
ആരോഗ്യ, അഭ്യന്തരവകുപ്പുകളിൽ ഉന്നത റാങ്കുകളിൽ ജോലി ചെയ്തശേഷം വിരമിച്ചവരെയാണ് താത്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുന്നത്.
സർക്കാർ സർവീസിൽനിന്നു വിരമിച്ച പെൻഷൻ കൈപ്പറ്റുന്ന ഒരാളെ പിന്നിടു സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജീവനക്കാരനായി നിയമിക്കുവാൻ സർവീസ് ചട്ടം അനുവദിക്കുന്നില്ല.
എന്നാൽ ചട്ടം മറികടന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരെ അധികൃതർ നിയമിക്കുകയാണ്. റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫറായി വിരമിച്ച വനിതാജീവനക്കാരിയെ അതേവിഭാഗത്തിൽ പുനർനിയമനം നടത്തിയിട്ടുണ്ട്.
പോലീസ് സർവീസിൽ ഉന്നത റാങ്കിൽനിന്നു വിരമിച്ചയാളെ ലെയ്സൺ ഓഫീസറായും സ്റ്റോർ സൂപ്രണ്ടായി വിരമിച്ചയാളെ ആശുപത്രി വികസന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ന്യായവില മെഡിക്കൽ സ്റ്റോർ മേധാവിയായും നിയമിച്ചിട്ടുണ്ട്.
പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ, യൂറോളജി വിഭാഗത്തെ സഹായിക്കുവാൻ വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്. കൂടാതെ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി പേർ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്.
ഇവർക്ക് അതതു വിഭാഗങ്ങളിലെ ഡോക്ടർമാർ പിരിവ് എടുത്താണു ശന്പളം നൽകുന്നതെന്നാണ് വിശദീകരണം. എന്നാൽ, പ്രമുഖ സ്വകാര്യ മരുന്നുകമ്പനികളാണ് ഇവർക്കു ശന്പളം നൽകുന്നതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
ചില പ്രത്യേക വിഭാഗങ്ങളിലെ ഡോക്ടർമാർ നടത്തുന്ന വിദേശപര്യടനത്തിന്റെയും ജീവനക്കാർ വർഷത്തിൽ രണ്ടു തവണ നടത്തുന്ന ഉല്ലാസയാത്രയുടെയും ചെലവുകളും വഹിക്കുന്നതു വിവിധ സ്വകാര്യമരുന്നു കമ്പനികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മാത്രമല്ല, പല ഡിപ്പാർട്ട്മെന്റുകളിലും നടക്കുന്ന ആഘോഷപരിപാടികളും “സ്പോൺസേഡ്’ ആണെന്നും ആരോപണമുണ്ട്.
അതേസമയം, സർവീസിൽനിന്നു വിരമിച്ചവരോ അനധികൃതമായോ ആരും ആശുപത്രിയിൽ ജോലി ചെയ്യുന്നില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ അവകാശപ്പെടുന്നത്.