ഗാന്ധിനഗര് : കോട്ടയം മെഡിക്കല് കോളജ് എംആര്ഐ സ്കാനിംഗ്, സിടി സ്കാനിംഗ് വിഭാഗങ്ങളില് രോഗികള്ക്കു റിപ്പോര്ട്ടുകള് മാറി നല്കുന്നതായി വ്യാപക പരാതി.
പരാതിക്കാരിൽ അധികവും ആശുപത്രി ജീവനക്കാരായതിനാൽ പ്രശ്നം ഒതുക്കിത്തീര്ക്കുകയായിരുന്നു. അടുത്തിടെ പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ എംആര്ഐ സ്കാനിംഗ് റിപ്പോർട്ടിനു പകരം നൽകിയതു മറ്റൊരു രോഗിയുടെ തലയുടെ സ്കാനിംഗ് റിപ്പോര്ട്ട്.
പിന്നീട് റിപ്പോര്ട്ട് മാറ്റിവാങ്ങുകയായിരുന്നു. റിപ്പോര്ട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കല് കോളജ് ജീവനക്കാരനായതിനാല് ആശുപത്രി അധികൃതര്ക്കു പരാതി നല്കിയില്ല.
ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിക്കും ഭര്ത്താവിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായി. ജീവനക്കാരിയുടെ ഭര്ത്താവ് സിടി ആന്ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായി.
അവിടെനിന്നു ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധനാ റിപ്പോര്ട്ട്. ജീവനക്കാരി വയറിന്റെ സ്കാനിംഗിനു (യുഎസ്ജി) വിധേയമായി ശേഷം ലഭിച്ച റിപ്പോര്ട്ടും മാറിപ്പോയിരുന്നു.
ഗുരുതരമായ മൂന്നു സംഭവങ്ങള് ഉണ്ടായിട്ടും ആശുപത്രി അധികൃതര്ക്ക് പരാതി നല്കാതിരുന്നത് ഇവര് മെഡിക്കല് കോളജ് ജീവനക്കാരാണെന്ന കാരണത്താലാണ്.
എംആര്ഐ സിടി സ്കാനിംഗ് വിഭാഗങ്ങളില് ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരുടെ നിരുത്തരവാദിത്തമാണ് റിപ്പോര്ട്ടുകള് മാറിനല്കുന്നതും യഥാസമയം നല്കാതിരിക്കുന്നതെന്നുമാണ് രോഗികൾ പറയുന്നത്.
ഡാറ്റാ എന്ട്രി വിദഗ്ധരെന്ന പേരിലാണു പലരെയും നിയമിച്ചിട്ടുള്ളതെങ്കിലും ഇവർക്കു നിശ്ചിതയോഗ്യതയും പരിചയവുമില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.