ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ ചില വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് ആക്ഷേപം .പുരുഷന്മാരുടെ മെഡിസിൻ വിഭാഗമായ ആറാം വാർഡിലാണ് വ്യാപകമായ ആക്ഷേപം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട പലരുടേയും ബന്ധുക്കളും ഇതേ ആരോപണം ഉന്നയിക്കുന്നു. രോഗം അതീവ ഗുരുതരാവസ്ഥയിലെത്തിയിട്ടും വാർഡിൽ എപ്പോഴുമുണ്ടാകുന്ന ജൂനിയർ ഡോക്ടർമാരും തിരിഞ്ഞു നോക്കിയില്ലെന്നു പറയുന്നു.
ഞായറാഴച രാത്രിയിൽ ആറാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 70 വയസുള്ള ഒരു രോഗിയുടെ നില ഗുരുതരമായി. ഈ സമയം രോഗിയുടെ കൂടെ ഇയാളുടെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർക്ക് ശ്വാസംമുട്ടൽ മൂലം അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഭർത്താവിന്റെ സമീപത്തു നിന്നും മാറുവാനും കഴിഞ്ഞില്ല. ഇത് കണ്ട സമീപത്തെ കട്ടിലിൽ കിടന്ന രോഗിയുടെ ബന്ധു നഴ്സിനെ വിവരം ധരിപ്പിച്ചു.
ആ രോഗിയുടെ കാര്യം നിങ്ങൾ പറയേണ്ട അവരുടെ ബന്ധുക്കൾ വന്ന് പറയുമെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഇയാളോട് ദേഷ്യപ്പെടുകയായിരുന്നു. പിന്നീട് ഒരു മണിക്കുറിനുള്ളിൽ ഇയാൾ മരണപ്പെടുകയും ചെയ്തു.സാധാരണ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ വിഭാഗങ്ങളിലുമുള്ള സീനിയർ ഡോക്ടർമാർ രാവിലെ തന്നെ വാർഡുകൾ സന്ദർശിച്ച് അവരവരുടെ യൂണിറ്റിന് കീഴിലുള്ള രോഗികളെ പരിശോധിച്ച് ചികിത്സയ്ക്ക് ആവശ്യമായ നിർദ്ദേശം നൽകാറുണ്ട്.
രാവിലെ തിയേറ്ററുകളിൽ പോകേണ്ടവരോ, അധ്യാപനത്തിനോ, ഒ.പി.യിലോ ഡ്യൂട്ടിയാണെങ്കിൽ ഇതിനു ശേഷം വാർഡുകൾ സന്ദർശിച്ച ശേഷമേ ആശുപത്രിയിൽ നിന്ന് മടങ്ങാറുള്ളൂ. എന്നാൽ ആറാം വാർഡിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നാണ് രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പരാതി. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട ഭൂരിപക്ഷം രോഗികളുടെയും ബന്ധുക്കൾക്ക് ചികിത്സ സന്പ്രദായത്തിനെതിരേയും ജീവനക്കാരുടെ പെരുമാറ്റത്തിനെതിരേയും പരാതിയുണ്ടായിരിന്നു.
എന്നാൽ പരാതി രേഖാമൂലം നൽകിയാൽ മരണപ്പെടുന്നയാളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കേണ്ടി വരും. ഇത് ആർക്കും സ്വീകാര്യമല്ല. സ്വാഭാവികമായി മരണപ്പെടുന്നയാളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ബന്ധുക്കൾക്ക് താല്പര്യവുമില്ല. വാർഡിൽ ചികിത്സയിൽ കഴിയുന്നവർക്കാണെങ്കിൽ ചികിത്സാ നിഷേധമുണ്ടാകുമോയെന്ന ആശങ്കയുള്ളതിനാൽ അവരും പരാതി നൽകുവാൻ തയാറാകുന്നില്ല.
അതിനാൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത ചില വാർഡുകളിൽ അത് ഉണ്ടാകുന്നതിനുള്ള നടപടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും ആവശ്യം.
അതേ സമയം കൃത്യമായി വാർഡുകളിൽ എത്തി രോഗികളെ പരിശോധിക്കുകയും ചികിത്സ നിർദേശിക്കുകയും ചെയ്യുന്ന ഡോക്ടർമാരും ഇവിടെയുണ്ട്. ഡ്യൂട്ടി സമയം പോലും നോക്കാതെ ചികിത്സിക്കുന്ന ഇവരുടെ സേവനം ആരും വിസ്മരിക്കുന്നില്ല.