‘ഗാന്ധിനഗർ: സ്വർണാഭരണങ്ങൾ അടങ്ങിയ കടലാസ് പൊതി ചവിട്ടി ആളുകൾ കടന്നു പോയി. ആളുകൾ ചവിട്ടി മെതിച്ച കടലാസ് പൊതി വെറുതെ എടുത്തു നോക്കിയ സെക്യൂരിറ്റി ജീവനക്കാരി ഞെട്ടി. പൊതിയിൽ സർണാഭരണങ്ങൾ.
കോട്ടയം മെഡിക്കൽ കോളജിൽ നിന്നാണ് വീണ്ടും ആഭരണം കളഞ്ഞു കിട്ടിയ സംഭവം റിപ്പോർട്ടു ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനി എം.ഒ.ഷെറിനാണ് ആഭരണം കളഞ്ഞുകിട്ടിയത്. ആലപ്പുഴ സ്വദേശിനി ഷെമിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രി ഒരപകടത്തിൽപ്പെട്ടാണ് ഷെമിയെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എക്സറേയും മറ്റു പല പരിശോധനകളും നടത്തുന്നതിനായി സ്വർണാഭരണങ്ങൾ അഴിച്ച് ഭർത്താവ് സുനിലിന്റെ കൈവശം നൽകി. തിരക്കിനിടയിൽ സുനിലിന്റെ കൈവശത്തു നിന്നും സ്വർണാഭരണമടങ്ങിയ പൊതി നഷ്ടപ്പെട്ടു. രോഗികളും കൂടെയെത്തിയവരും ഈ കടലാസ് പൊതി ചവിട്ടിപ്പോയെങ്കിലും ആരും ശ്രദ്ധിച്ചില്ല.
സംശയം തോന്നിയ സെക്യൂരിറ്റി ഷെറിൻ കടലാസ് പൊതിയെടുത്ത് നോക്കിയപ്പോഴാണ് സ്വർണാഭരണമാണെന്ന് മനസിലായത്. തുടർന്ന് ഇന്നു രാവിലെ ഉടമയെ കണ്ടെത്തി പി.ആർ.ഒ.തോമസ് പി.എയുടെ സാന്നിധ്യത്തിൽ ആഭരണങ്ങൾ ഏല്പിച്ചു
രണ്ടു മാസത്തിനിടെ നാലു തവണയാണ് ലക്ഷക്കണക്കിന് രൂപ വില പിടിപ്പുള്ള സ്വാർണാഭരണങ്ങളും രൂപയും ആശുപത്രിയിൽ കളഞ്ഞുകിട്ടിയത്. ഇവയെല്ലാം ഉടമസ്ഥന് കൈമാറുകയും ചെയ്തിട്ടുണ്ട്. രോഗിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടാകുന്പോഴുള്ള അശ്രദ്ധയാണ് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെടുന്നതിന് കാരണമാകുന്നത്.