ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരുന്നും നിന്നും മടുത്ത രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസ വാർത്ത.ഇനി ക്ഷീണമകറ്റാൻ തല ചായ്ക്കാനൊരിടം തേടി അലയേണ്ട. വീട്ടിൽ കിടക്കുന്നതുപോലെ നല്ല മെത്തയിൽ കിടന്നുറങ്ങാം. ഒരു ദിവസത്തേക്ക് വെറും 50 രൂപ മാത്രം
മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്ന സ്ത്രീകളുടെ പുരുഷൻമാരായ കൂട്ടിരിപ്പുകാർക്കാണ് തൊട്ടടുത്ത് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഡോർമെറ്ററി രൂപത്തിലാണ് വിശ്രമ കേന്ദ്രം. റെയിൽവേ ബർത്ത് പോലെ ഒരു കട്ടിലിൽ താഴെയും മുകളിലുമായി രണ്ടുപേർക്ക് കിടക്കാം.
24 മണിക്കൂർ നേരത്തേക്ക് 50 രൂപയാണ് ഫീസ്. പകൽ മുഴുവൻ രോഗികളുടെ ചികിത്സ സംബന്ധമായ പല ആവശ്യങ്ങൾക്ക് ഓടിനടന്ന് തളർന്നശേഷം രാത്രിയിൽ കുറച്ച് നേരമെങ്കിലും ഒന്നു വിശ്രമിക്കുവാൻ കഴിയുന്നത് വളരെ ആശ്വാസകരമാണ്. രണ്ടു മുറികളിലായി 40 കിടക്കകൾ ഉണ്ട്.
ഇവിടെ വിശ്രമിക്കുവാൻ വരുന്ന ആളുടെ മുഴുവൻ രേഖകളും ( രോഗിയുടേതും) പരിശോധിച്ചശേഷം, ആവശ്യമായ രേഖകളുടെ കോപ്പിയും മൊബൈൽ നന്പരും വാങ്ങിയ ശേഷമേ മുറി അനുവദിക്കൂ. ആശുപത്രിക്ക് വെളിയിൽ സാധാരണ ലോഡ്ജുകൾക്ക് 650രൂപ മുതൽ ഫീസ് ഈടാക്കുന്പോൾ 50രൂപ കൊടുത്താൽ പ്രാഥമിക കൃത്യനിർവഹണത്തിനും വിശ്രമത്തിനും സൗകര്യം ലഭിക്കുന്നതിന്റെ വലിയ ഒരാശ്വാസത്തിലാണ് ഗൈനക്കോളജിയിലെ കൂട്ടിരിപ്പുകാർ.