കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുള്ള പിആർഒമാരെ നിയന്ത്രിക്കാൻ മേധാവിയെ നിയമിക്കുന്നതിനുള്ള നീക്കം നടക്കുന്നതായി സൂചന. സബ് ഇൻസ്പെക്ടർ റാങ്കിൽ പോലീസ് സേനയിൽനിന്ന് വിരമിച്ച ഒരാളെ പുറംവാതിലിലൂടെ നിയമിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. മെഡിക്കൽ കോളജിലെന്നല്ല, സർക്കാർ സർവീസിൽനിന്ന് വിരമിച്ചയാളെ പിന്നീട് സർക്കാർ സ്ഥാപനങ്ങളിൽ, ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ പോലും നിയമിക്കാൻ സാധിക്കില്ല.
ഒരു രാഷ്ട്രീയ പാർട്ടിയുടെ 400ൽ അധികം ആളുകൾക്ക് ആശുപത്രി വികസന സമിതിയുടെ പേരിൽ താത്കാലിക നിയമനം നൽകിയിട്ടുണ്ട്. ഇങ്ങനെ നിയമിക്കുന്നവർക്കുള്ള വേതനം നൽകുന്നതിനു പണം കണ്ടെത്തുന്നത് രോഗികളുടെ വിവിധ തരത്തിലുള്ള സ്കാനിംഗ്, ലാബ്, എക്സ്റേ പരിശോധനകൾക്ക് ഫീസ് കൂട്ടി വാങ്ങിയാണ്. രോഗികൾക്ക് പുർണമായും സൗജന്യം ലഭിക്കേണ്ട പല പരിശോധനകൾക്കും ഇക്കാരണത്താൽ വലിയ ഫീസാണ് നല്കേണ്ടിവരുന്നത്.
ഇക്കാര്യങ്ങളിലൊന്നും പ്രതിഷേധിക്കാൻ യുവജന രാഷ്്ട്രീയ സംഘടനകൾ തയാറാകുന്നുമില്ല. മെഡിക്കൽ കോളജിലെ നിയമനങ്ങൾ പിഎസ്സിയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രം നടത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം നടത്തിയിരുന്ന യുവജന സംഘടനയെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് പിൻവാതിൽ നിയമനമെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.