ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെടുന്ന നിർധനരായവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കുവാനും ഡിസ്ചാചാർജിനു ശേഷം വീട്ടിലെത്തിക്കുവാനും ആശുപത്രി ആവശ്യത്തിനു ആംബുലൻസ് ഉണ്ടായിട്ടും അതു ഉപയോഗിക്കാതെ നവജീവൻ ട്രസ്റ്റിന്റെ ആംബുലൻസ് സഹായം തേടുന്നതായി ആക്ഷേപം.
രണ്ടു മാസം മുന്പ് എംപി ഫണ്ടിൽനിന്നുകൂടി ഒരു ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ആംബുലൻസ് സൗകര്യം നിർധനരായവർക്ക് പ്രയോജനപ്പെടുത്തില്ലെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം കായംകുളം സ്വദേശിയായ ഒരു കുട്ടി അപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മരിച്ചപ്പോൾ, മൃതദേഹം കൊണ്ടു പോകുന്നതിനു നവജീവന്റെ സഹായം തേടിയിരുന്നു.
കോവിഡ് കാലത്ത് ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിനു രോഗികൾ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ടിയപ്പോൾ എല്ലാ ദിവസവും നവജീവന്റെ ആംബുലൻസ് വിട്ടുനൽകുമായിരുന്നു.
നവജീവന്റെ ആംബുലൻസ് ലഭ്യമല്ലെങ്കിൽ മറ്റു സ്വകാര്യ ആംബുലൻസിൽ രോഗികള വീട്ടിലെത്തിക്കുകയും ആംബുലൻസ് വാടക നവജീവൻ നൽകുകയും ചെയ്യുമായിരുന്നു.
പാവപ്പെട്ട രോഗികൾക്ക് ഇത്തരത്തിലുള്ള എല്ലാവിധ സഹായങ്ങളും നവജീവൻ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, ആശുപത്രി അധികൃതർ അറിയാതെയാണ് ഓരോ വാർഡുകളിലുള്ള ഹെഡ് നഴ്സുമാർ നേരിട്ടു നവജീവൻ അധികൃതരെ വിളിച്ച് ആംബുലൻസ് സജീകരിക്കുന്നത്.
ഇനിമുതൽ ആശുപത്രി അധികൃതരുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ നവജീവന്റെ ആംബുലൻസ് വിട്ടുതരികയുള്ളൂവെന്നു നവജീവൻ അധികൃതർ അറിയിച്ചു.