കോട്ടയം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്പോൾ വികസന മുന്നേറ്റം പ്രതീക്ഷിച്ചു കോട്ടയം ജില്ല.ഏറ്റുമാനൂരിൽ നിന്നു വിജയിച്ചു വി.എൻ. വാസവൻ മന്ത്രിയാകുന്പോൾ മറ്റൊരു മന്ത്രിയായ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ പാലാ ചക്കാന്പുഴ സ്വദേശിയാണ്. ഇതിനു പുറമെ കാബിനറ്റ് പദവിയോടെ കാഞ്ഞിരപ്പള്ളി എംഎൽഎ എൻ. ജയരാജ് ചീഫ് വിപ്പാകും.
മന്ത്രിയാകുന്ന പി. രാജീവിനുമുണ്ട് വൈക്കം ബന്ധം. അദേഹത്തിന്റെ ഭാര്യവീട് വൈക്കത്താണ്.യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം കോട്ടയം ജില്ലയിൽ നിന്നാകും.എൽഡിഎഫിൽ ഒന്നും കിട്ടാത്ത പതിവുമായിരുന്നു. അതാണ് ഇത്തവണ തിരുത്തിക്കുറിച്ചത്. ഏറ്റുമാനൂരിനു വി.എൻ. വാസവനിലൂടെ മന്ത്രിസ്ഥാനം ആദ്യമാണ്.
ഇന്നേവരെ മന്ത്രിസ്ഥാവും മറ്റു പദവിയും ലഭിക്കാത്ത മണ്ഡലമായിരുന്നു കാഞ്ഞിരപ്പള്ളി. ഇന്നു കാഞ്ഞിരപ്പള്ളിക്കൊപ്പമായ പഴയ വാഴൂരിൽ കെ. നാരായണക്കുറുപ്പും വി.കെ. വേലപ്പനും പലതവണ മന്ത്രിയായിട്ടുണ്ട്. എന്നാൽ പഴയ കാഞ്ഞിരപ്പള്ളിക്ക് പദവികൾ ലഭിച്ചിട്ടില്ല. ഇപ്പോൾ ജയരാജിലൂടെ കാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ് സ്ഥാനം ലഭിക്കുന്നു.
വി.എൻ. വാസവൻ
കോട്ടയത്തിനു ലഭിക്കുന്ന ആദ്യ സിപിഎം മന്ത്രിയാണ് വി.എൻ. വാസവൻ. സിപിഎമ്മിൽ മുന്പ് കോട്ടയത്തു നിന്നു ടി.കെ. രാമകൃഷ്ണൻ മന്ത്രിയായിട്ടുണ്ടെങ്കിലും അദേഹം എറണാകുളം ജില്ലക്കാരനായിരുന്നു. 2006ൽ കോട്ടയത്ത് നിന്നു അജയ് തറയിലിനെതിരേ വിജയിച്ച് നിയമസഭയിലെത്തിയിരുന്നു.
ഇക്കുറി ഏറ്റുമാനൂരിൽനിന്നാണ് നിയമസഭയിലെത്തുന്നത്. മറ്റക്കര വെള്ളേപ്പള്ളിയിൽ നാരായണന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായെങ്കിലും തുടർപഠനം ഏറ്റുമാനൂർ ഐടിഐയിലായിരുന്നു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയിലും ഇടതുപക്ഷപ്രവർത്തനത്തിലും സജീവമായത്. സിഐടിയു ജില്ലാ പ്രസിഡന്റ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങളിലെത്തി.
കോട്ടയം പാന്പാടി ഹിമ ഭവനിൽ കുടുംബസമേതം താമസിക്കുന്നു. ഹൈസ്കൂൾ അധ്യാപികയായി വിരമിച്ച ഗീതയാണു ഭാര്യ. മക്കൾ: ഡോ. ഹിമാ വാസവൻ, ഗ്രീഷ്മ വാവസവൻ. മരുമകൻ: ഡോ. നന്ദകുമാർ. കൊച്ചുമകൻ: ഹയാൻ നന്ദകുമാർ.
ഡോ.എൻ.ജയരാജ്
നാലാം തവണ നിയമസഭയിൽ എത്തിയ ഡോ. എൻ ജയരാജിനു ലഭിച്ച ചീഫ് വിപ്പ് സ്ഥാനം അർഹിക്കുന്ന അംഗീകാരമാണ്. 2006-ൽ വാഴൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചും പീന്നിട് 2011ലും 2016ലും തുടർച്ചയായിട്ടാണ് ജയരാജ് എംഎൽഎയായത്.
കേരള കോണ്ഗ്രസ് സ്ഥാപകന നേതാവും മുൻമന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച പ്രഫ. കെ.നാരായണകുറുപ്പിന്റയും കെ. ലീലാ ദേവിയുടെയും മകനായി ചന്പക്കരയിലാണ് ജനിച്ചത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം കേരളത്തിന്റെ പൊതുവരവും ചെലവും, കേരളത്തിന്റെ സാന്പത്തികവളർച്ചയിലെ സ്വാധീനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പബ്ലിക് ഫിനാൻസിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.
25 വർഷം കേരള, കോഴിക്കോട്, എം ജി സർവകലാശാലകളിലെ വിവിധ എൻ എസ് എസ് കോളജുകളിൽ ഇക്കണോമിക്സ് അധ്യാപകനുമായിരുന്നു തുടർന്നാണ് രാഷ്്ട്രീയത്തിൽ എത്തുന്നത്. പുതിയ പദവിയിൽ എത്തുന്പോഴും ജയരാജിന്റെ ചിട്ടകൾക്കു മാറ്റമില്ല.
രാവിലെ എണിറ്റ് രണ്ടു കിലോമീറ്റർ നടക്കും. പീന്നിട് വീട്ടിലെത്തി അല്പം കൃഷി പണികൾ. തുടർന്ന് പതിവ് തിരക്കുകളിലേക്ക് കടക്കും. പുതിയ പദവിയേൽക്കാൻ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തേക്കു ജയരാജ് യാത്ര തിരിച്ചു. ഭാര്യ ഗീത, മകൾ പാർവതി.