കോട്ടയം: കോട്ടയം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 38-ാം വാര്‍ഡായ പുത്തന്‍തോടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സൂസന് കെ. സേവ്യര്‍ 75 വോട്ടിന്റ ഭൂരിപക്ഷത്തിനു വിജയിച്ചു.
എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുകന്യ സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്. 596 വോട്ടുകള്‍ യുഡിഎഫിനും 521 വോട്ടുകള്‍ എല്‍ഡിഎഫിനും ലഭിച്ചു.
കോട്ടയം നഗരസഭയിൽ യുഡിഎഫിന് 21ഉം എൽഡിഎഫിന് 22ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് കോട്ടയത്ത് യുഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്.
നിലവിൽ ഇരുമുന്നണിക്കും 22 സീറ്റ് വീതമായി. നഗരഭരണം നടത്തുന്ന യുഡിഎഫിനു ആശ്വാസമായി ഇന്നത്തെ വിജയം.പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന് 12 വോട്ടിന് വിജയിച്ചു.
15 വര്‍ഷമായി പി.സി. ജോര്‍ജിന്റെ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിന്ദു അശോകന് 264 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു ജയ്മോനു 252 വോട്ട് ലഭിച്ചു.
എന്‍ഡിഎ പിന്തുണയുള്ള പി.സി. ജോര്‍ജിന്റെ ജനപക്ഷ സ്ഥാനാര്‍ഥിക്ക് 239 വോട്ടു ലഭിച്ചു. മണിമല പഞ്ചായത്തിലെ ആറാം വാര്‍ഡായ മുക്കടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുജാ ബാബു വിജയിച്ചു. 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജ ബാബു വിജയം നേടിയത്.
സ്ഥാനാര്‍ഥി സുജ ബാബുവിന് 423 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രയസ് ജോസഫിന് 296 വോട്ടും ബിജെപി സ്ഥാനാര്‍ഥി അജയകുമാറിന് 19 വോട്ടും സ്വാതന്ത്രന് വിപിന്‍ രാജന് 92 വോട്ടും ലഭിച്ചു.
മത്സരഫലം ഭരണത്തെ ബാധിക്കില്ല. പഞ്ചായത്തംഗമായിരുന്നപ്പോൾ അന്തരിച്ച വി.കെ. ബാബുവിന്റെ ഭാര്യയാണ് സുജാ ബാബു.
മൈലപ്ര വാര്‍ഡില്‍ യുഡിഎഫിനു വിജയം
പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫിനു വിജയം. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
സിപിഎമ്മിലെ ചന്ദ്രിക സുനിലിന്റെ നിര്യാണത്തേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.അഞ്ചാം വാര്‍ഡിലെ വിജയത്തോടെ മൈലപ്ര ഭരണസമിതിയില്‍ യുഡിഎഫിന്റെ അംഗബലം ആറായി. നിലവില്‍ സ്വതന്ത്രന്റെ പിന്തുണ ഉള്‍പ്പെടെ ആറു പേരാണ് എല്‍ഡിഎഫിലുള്ളത്. എല്‍ഡിഎഫാണ് ഭരണത്തിലുളളത്..