കോട്ടയം: നഗരസഭാ ഭരണത്തിൽ ചെയർപേഴ്സൺ- വൈസ് ചെയർമാൻ പോര് മുറുകുന്നു. പ്രതിപക്ഷത്തിനേക്കാൾ മുന്നിൽ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെ മുൾമുനയിൽ നിർത്തി വൈസ് ചെയർമാൻ ബി. ഗോപകുമാർ ആരോപണങ്ങൾ ഉന്നയിച്ചതോടെ കൗണ്‍സിൽ യോഗത്തിൽ ബഹളമായി.
ഇന്നലെ നടന്ന ആസൂത്രണ സമിതിയിലും ഇരുവരും തമ്മിലുള്ള പോരിനു സാക്ഷ്യം വഹിച്ചു. ഇന്നു വീണ്ടും ആസൂത്രണ സമിതിയും കൗണ്‍സിൽ യോഗവും ചേരും.
ഉദ്യോഗസ്ഥ ഭരണം?
നഗരസഭയിൽ സെക്രട്ടറിയുടെ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താനോ ജോലിയെടുപ്പിക്കാനോ ചെയർപേഴ്സണു കഴിയുന്നില്ലെന്നും സമാന്തര ഭരണമാണ് നടക്കുന്നതെന്നും ബി. ഗോപകുമാറാണ് ആരോപണം ഉന്നയിച്ചത്. ഇതു പ്രതിപക്ഷം ഏറ്റെടുത്തതോടെ യോഗം അലന്പായി.
നഗരസഭയിൽ വൈകുന്നേരം അഞ്ചിനുശേഷം സമാന്തര ഭരണം നടക്കുകയാണെന്നും കഴിഞ്ഞ കൗണ്‍സിൽ യോഗത്തിലെടുത്ത തീരുമാനങ്ങളിൽ സെക്രട്ടറി എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കിയ ശേഷം കൗണ്‍സിൽ തുടർന്നാൽ മതിയെന്നും ഗോപകുമാർ പറഞ്ഞതാണ് തിങ്കളാഴ്ച നടന്ന യോഗം സംഘർഷത്തിലെത്തിച്ചത്.
ചെയർപേഴ്സണെ മുൾ മുനയിൽ നിർത്തി ഭരണപക്ഷത്തെ തന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് വൈസ് ചെയർമാൻ.കോവിഡ് പ്രതിരോധത്തിനായി നഗരസഭയ്ക്ക് ലഭ്യമാക്കുന്ന രണ്ട് ആബുലൻസ്, മുട്ടന്പലം ശ്മശാനത്തിലെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ബഹളത്തിനു കാരണമായി.
കഴിഞ്ഞയാഴ്ച മാമ്മാൻ മാപ്പിള ഹാളിൽ അഞ്ചര മണിക്കൂർ നീണ്ട കൗണ്‍സിൽ യോഗത്തിലും നഗരസഭ ഉദ്യോഗസ്ഥ ഭരണത്തിനെതിരേ അംഗങ്ങൾ ശബ്ദമുയർത്തിയിരുന്നു.ഭരണത്തിൽ കൂടിയാലോചനയില്ലെന്നും ഉദ്യോഗസ്ഥരുടെ പന്തുകളിയാണ് നടക്കുന്നതെന്നുമാണ് വൈസ് ചെയർമാൻ ബി.ഗോപകുമാറിന്റെ പ്രധാന ആരോപണം.
പാർട്ടിയിൽ കൂടിയാലോചിക്കാതെ ഏതാനും പാർശ്വവർത്തികളെ കൂട്ടി നഗരഭരണം ചെയർപേഴ്സണ്‍ തന്നിഷ്്ടപ്രകാരം നടത്തുന്നു. ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ ചെയർപേഴ്സനു കഴിയണം. ഉദ്യോഗസ്ഥർ ഭരണത്തെ പന്തുതട്ടുകയാണെന്നും അദ്ദേഹം പറയുന്നു.
സമാന്തര ഭരണം?
വൈസ് ചെയർമാന്റെ നേതൃത്വത്തിലാണ് സമാന്തര ഭരണമെന്നു ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പ്രതിരോധിക്കുന്നു. വൈസ് ചെയർമാന്റെ ആരോപണം അടിസ്ഥാന രഹിതമാണ്്. പ്രതിപക്ഷ അംഗങ്ങളെ കൂട്ടി സമാന്തര ഭരണത്തിനു ശ്രമിക്കുന്നത് വൈസ് ചെയർമാനാണ്.
പാർലമെന്ററി പാർട്ടി യോഗത്തിൽ ഒരു കാര്യവും പറയാതെ കൗണ്‍സിൽ യോഗത്തിൽ വന്നു ബഹളമുണ്ടാക്കുന്നത് ശരിയല്ല. ഒരു ഉദ്യോഗസ്ഥനും ഇവിടെ ഭരണം നടത്തുന്നില്ല. തീരുമാനങ്ങൾ നടപ്പാക്കാൻ കാലതാമസം വരുന്നത് സാങ്കേതികമായ താമസം മാത്രമാണെന്നു ചെയർപേഴ്സണ്‍ പറയുന്നു.
ഇതിനിടയിൽ നഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിച്ചെന്ന് ആരോപിച്ചും പദ്ധതി തുക ചെലവഴിക്കാതെ നഷ്്ടപ്പെടുത്തിയതിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ ഇന്നലെ നഗരസഭ ഓഫീസിനു മുന്പിൽ പ്രതിഷേധവും സംഘടിപ്പിച്ചു.