കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സണിനെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനെ പ്രതിരോധിക്കാൻ തുറുപ്പു ചീട്ടുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ചെയർപേഴ്സണ്‍ സ്ഥാനത്തേക്കു പ്രതിപക്ഷത്തുനിന്നു വരുവാൻ സാധ്യതയുള്ള സ്ഥാനാർഥിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പടനീക്കം.
24നാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നത്.എൽഡിഎഫിന്റെ ചെയർപേഴ്സണ്‍ സ്ഥാനാർഥിയായി പരിഗണിക്കുവാൻ സാധ്യതയുള്ള കൗണ്‍സിലർക്കെതിരെ തെരെഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. മറ്റൊരു സർക്കാർ ഏജൻസിയിൽനിന്നും ഓണറേറിയം കൈപ്പറ്റുന്നുവെന്നുകാണിച്ചാണ് അന്നു പരാതി നൽകിയത്.
പരാതിക്കു ശേഷം ഇവർ ആ സ്ഥാനം രാജിവച്ചതിനാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഇപ്പോൾ തെരഞ്ഞെടുപ്പു കാലത്തെ പരാതി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
52 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 വീതവും ബിജെപിക്കു എട്ട് അംഗങ്ങളുമാണുള്ളത്.27 അംഗങ്ങളുടെ പിന്തുണയുണ്ടങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകുകയുള്ളൂ.
അവിശ്വാസ ചർച്ചയിൽ നിർണായകമാകുന്ന ബിജെപിയുടെ നിലപാട് ഇന്നുണ്ടായേക്കും. ഇന്നു പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്.
യുഡിഎഫ് ഭരണത്തോട് എതിർപ്പുണ്ടെങ്കിലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതിനോടു പാർട്ടിക്കു യോജിപ്പില്ല. മറ്റു ചില രാഷ്ട്രീയ നീക്കങ്ങൾ അണിയറയിൽ നടക്കുന്ന സാഹചര്യത്തിൽ ഇന്നു നടക്കുന്ന ബിജെപി യോഗവും നിർണായകമാകും.
നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ച നഗരസഭയിൽ ഒരു വോട്ട് പോലും നിർണായകമാണെന്നിരിക്കേ അവിശ്വാസത്തെ പ്രതിരോധിക്കാൻ ജാഗ്രതയോടെ കാര്യങ്ങൾ വീക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
ജില്ലയിൽ തന്നെ എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് അംഗത്തിന്റെ അസാന്നിധ്യം മൂലം അവതരിപ്പിക്കാനാകാഞ്ഞത് പാഠമാക്കി യുഡിഎഫ് അംഗങ്ങളുടെ മുഴുവൻ വോട്ടും ഉറപ്പിക്കാനുള്ള ശ്രമം നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം അഞ്ചിനു കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ യോഗം ഡിസിസിയിൽ പ്രസിഡന്റ് വിളിച്ചു ചേർത്തിരിക്കുകയാണ്. യോഗശേഷം അംഗങ്ങൾക്കു വിപ്പും നൽകും.
നഗരസഭയിൽ വികസന സ്തംഭനം എന്നാരോപിച്ചാണു എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. നഗരസഭ ചെയർപേഴ്സണും വെസ്ചെയർമാനും തമ്മിലുള്ള പോരാണ് എൽഡിഎഫിന് അവിശ്വാസ പ്രമേയത്തിലേക്ക് വഴിതെളിച്ചത്.
കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ തമ്മിലുള്ള വിഭാഗിയത പുറത്തുവന്നതോടെ അതു മുതലാക്കാനുള്ള ശ്രമമാണ് എൽഡിഎഫിന്. ഭിന്നിച്ചു നിൽക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളിൽ ചിലരുടെ വോട്ടുകളിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ.