കോട്ടയം: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് 15ന്. പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബർ 24നാണ് യുഡിഎഫിന്റെ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്.
ബിജെപി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടു നിന്നിരുന്നു.
15നു രാവിലെ 11ന് കൗണ്‍സിൽ ഹാളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭാധ്യക്ഷയായത്. 15ന് നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിലും മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ നഗരഭരണം ഭാഗ്യപരീക്ഷണത്തിനു വേദിയാകുകയാണ്.കൗണ്‍സിലിൽ 52 അംഗങ്ങളാണുളളത്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങളുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളുമുണ്ട്.
തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തിയാൽ 22-22-എട്ട് എന്ന നിലയിൽ വോട്ടു വരും. ഏറ്റവും വോട്ടു കുറഞ്ഞ സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടു വോട്ടെടുപ്പ് നടത്തും. ഇതിൽ ബിജെപി വിട്ടു നിന്നാൽ 22-22 എന്ന നിലയിൽ തുല്യത വരും.തുടർന്ന് നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കും.
നല്ലതു പ്രതീക്ഷിക്കാം
നല്ലതു പ്രതീക്ഷിക്കാം എന്നാണ് എൽഡിഎഫ് കേന്ദ്രം നൽകുന്ന മറുപടി. അവിശ്വാസം കൊണ്ടുവന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. അതിനാൽ എൽഡിഎഫിന് വോട്ടു കൂടുതൽ കിട്ടും. ജയിക്കും. ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെയോ പാർലമെന്ററി പാർട്ടി യോഗം ചേരും.
കഴിഞ്ഞ തവണ മത്സരിച്ച പ്രതി പക്ഷ നേതാവ് ഷീജ അനിൽ തന്നെ ഇക്കുറിയും സ്ഥാനാർഥിയാകുമെന്നാണ് സൂചന. അല്ലെങ്കിൽ പി.എൻ.സരസമ്മാൾ സ്ഥാനാർഥിയാകും. തെരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണ തേടില്ല. അവിശ്വാസ പ്രമേയത്തെയാണ് ബിജെപി പിന്തുണച്ചതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
യുഡിഎഫിൽ ബിൻസിക്ക് തന്നെ സാധ്യത
പുറത്താക്കപ്പെട്ട ബിൻസി സെബാസ്റ്റ്യൻ തന്നെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ല. 13ന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും യോഗത്തിൽ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ തീരുമാനം ഇരുവരും യോഗത്തിൽ അറിയിക്കും.
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയിൽ കടുത്ത അഭിപ്രായ ഭിന്നത ഇപ്പോഴും നിലനിൽക്കുന്നു. അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാലാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കേണ്ടന്ന നിലപാട് ഡിസിസി സ്വീകരിച്ചത്. ഇല്ലെങ്കിൽ ഭിന്നത വോട്ടെടുപ്പിൽ പ്രതിഫലിക്കും.
അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ്
ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ അവകാശവാദം ഉന്നയിക്കാൻ കേരള കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു. കൗണ്‍സിലറായ ലിസി കുര്യനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഭരണ സമിതിയിൽ യാതൊരു സ്ഥാനവും തരാതെയിരിക്കുന്നത് തികത്ത അവഹേളനമാണ്.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ നൽകാനും നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്യുവാൻ നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ പി കുര്യനെ യോഗം ചുമതലപ്പെടുത്തി.
കോണ്‍ഗ്രസ് തീരുമാനം അംഗീകരിക്കും: ബിൻസി
കോണ്‍ഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗവും കോണ്‍ഗ്രസ് നേതൃത്വവും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് ബിൻസി സെബാസ്റ്റ്യൻ രാഷ്്ട്രദീപികയോടു പറഞ്ഞു.
സ്വതന്ത്രയായി മത്സരിച്ചു വിജയിക്കുകയായിരുന്നു. തുടർന്ന് യുഡിഎഫിനു പിന്തുണ നൽകുകയും ചെയർപേഴ്സണാകുകയും ചെയ്തു. അഞ്ചു വർഷത്തേക്കും ചെയർപേഴ്സണ്‍ സ്ഥാനം നൽകാമെന്നാണ് കോണ്‍ഗ്രസ് പാർട്ടി പറഞ്ഞത്.
ഇനി തീരുമാനം മറിച്ചാണെങ്കിലും അംഗീകരിക്കും. എൽഡിഎഫിലേക്കോ ബിജെപിയിലേക്കോ പോകുകയോ പിന്തുണയ്ക്കുകയോ ഇല്ല- ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.