കോട്ടയം: നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ വീണ്ടും തെര ഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്ഗ്രസിനുള്ളിലെ ചേരിപ്പോര് തുടർന്നാൽ നഗരസഭാ ഭരണം ഇനിയും യുഡിഎഫിനു നഷ്ടപ്പെടാം.
ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, കൗണ്സിലർ ബി. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്ന മുന്നണിയാണു നഗരസഭ ഭരണം നിയന്ത്രിക്കുന്നത്.
ഇവർക്കുള്ളിലെ പടലപ്പിണക്കമാണ് കഴിഞ്ഞ തവണ ബിൻസിയുടെ സ്ഥാനത്യാഗത്തിൽ വരെ എത്തിച്ചത്.ബി. ഗോപകുമാറും ബി. സന്തോഷ് കുമാറും കോണ്ഗ്രസിനുള്ളിലെ രണ്ടു ചേരിയിലാണു പ്രവർത്തിക്കുന്നത്.
ഇവർക്കിടയിലുള്ള പടലപ്പിണക്കമാണു ഭരണത്തകർച്ചയിലേക്ക് എത്തിച്ചത്. വീണ്ടും പോര് കനത്താൽ നഗരസഭാ ഭരണം കൈവിട്ടുപോകും.
കഴിഞ്ഞ ഓഗസ്റ്റിൽ ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യൻ ഒൗദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്ത് പോയ ദിനം ചേർന്ന കൗണ്സിൽ യോഗം നിയന്ത്രിച്ചത് വൈസ്ചെയർമാൻ ബി. ഗോപകുമാറായിരുന്നു.
അന്ന് ചെയർപേഴ്സണിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ബി. ഗോപകുമാർ മാധ്യമശ്രദ്ധ നേടിയിരുന്നു.തുടർന്നു എൽഡിഎഫ് കൃത്യതയോടെ നീക്കിയ കരുക്കൾ ഫലം കണ്ടു. ബിൻസി സെബാസ്റ്റ്യനെതിരേ പ്രതിഷേധവും തുടർന്നു.
അവിശ്വാസവും എൽഡിഎഫ് കൊണ്ടുവന്നു. കോണ്ഗ്രസിന്റെ ബി ടീമാണു കോട്ടയത്ത് ബിജെപി എന്നുള്ള ആരോപണം നീക്കാൻ അവർ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചു.
എന്നാൽ ഇന്നലെ നടന്ന ചെയർപേഴ്സണ് തെരഞ്ഞെടുപ്പിൽ ബിജെപി ആരെയും പിന്തുണച്ചില്ല.നല്ല രീതിയിൽ മുന്നോട്ടുപോയിരുന്ന നഗരസഭാ ഭരണത്തെ എൽഡിഎഫും ബിജെപിയും ചേർന്ന് അട്ടിമറിക്കുകയായിരുന്നു.
കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ നഗര വികസനത്തിനുതകുന്ന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നു ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.