കോട്ടയം: കോട്ടയം നഗരസഭ ഓഫീസിൽ കൗണ്‍സിലർമാരും ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നത. ഉന്നത ഉദ്യോഗസ്ഥൻ ഒരാഴ്ചയായി അവധിയിൽ. ജീവനക്കാർക്കിടയിൽ വ്യത്യസ്ത നിലപാട്. നഗരസഭ റവന്യു മുൻ ഓഫീസറും സെക്രട്ടറിയുടെ പിഎയുമായ സുരേഷ് കുമാറാണ് ഒരാഴ്ചയായി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.
നഗരസഭ കോംപ്ലക്സിലെ പിഎയുടെ മുറിയിൽ നീളംകൂടിയ ചാരുകസേര (സോഫാ) മാറ്റി അലമാര കൊണ്ടുവന്നുവച്ചതാണു പ്രശ്നങ്ങൾക്കു തുടക്കം. കഴിഞ്ഞ 22നാണ് സംഭവം. സുരേഷ് കുമാറിന്റെ മുറിയിൽ അനുമതിയില്ലാതെ സോഫാ മാറ്റി അലമാര വച്ചതു അദ്ദേഹത്തെ അപമാനിക്കാനാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ കൗണ്‍സിലർമാരുടെ മുറിയിൽ സ്ഥലപരിമിധി മൂലം വലിയ മുറിയായ സുരേഷിന്റെ മുറിയിലേക്കു രണ്ടു അലമാര സ്ഥാപിക്കുക മാത്രമാണു ചെയ്തതെന്ന് നഗരസഭ ചെയർപേഴ്സണ്‍ പറഞ്ഞു. വരാന്തയിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ നാല് അലമാരകൾ കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ സുരേഷിന്റെ മുറിയിൽ വയ്ക്കുകയാണുണ്ടാതെന്ന് ജീവനക്കാർ പറയുന്നത്.
കോട്ടയം നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി എടുത്തതുമായി ബന്ധപ്പെട്ട് ഏതാനും നാൾമുന്പ് കൗണ്‍സിലർമാരും സുരേഷ് കുമാറും തമ്മിൽ ഭിന്നത ഉണ്ടായിരുന്നു. അതേസമയം കോംപ്ലക്സ് നവീകരണം നടന്നതിനുശേഷം സുരേഷ് കുമാറിനു ക്യാബിൻ അനുവദിച്ചെങ്കിലും അദ്ദേഹം അതിൽ ഇരിക്കാതെ മറ്റൊരു മുറിയിൽ ജോലി ചെയ്യുകയാണെന്ന് ചെയർപേഴ്സണ്‍ പറയുന്നു. അദ്ദേഹം നഗരസഭയുടെ തീരുമാനങ്ങൾക്കു വിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന പറയുന്നു.